കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കണം; റെഡ് മറൈനേഴ്‌സ് ആരാധക കൂട്ടായ്മ

Red Mariners

കണ്ണൂർ: കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ആധുനിക ഫുട്‌ബോൾ സൗകര്യങ്ങൾ ഒരുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയുടെ ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്‌സ് കണ്ണൂർ എം.എൽ.എ. ടി.ഒ. മോഹനന് നിവേദനം നൽകി. റെഡ് മറൈനേഴ്‌സ് കൂ്ട്ടായ്മയുടെ സെക്രട്ടറി വാഹിദ് പി, വൈസ് പ്രസിഡന്റ് പ്രസൂൺ എസ് എന്നിവർ ചേർന്നാണ് നിവേദനം കൈമാറിയത്.
കണ്ണൂരിലെ ഫുട്‌ബോൾ സംസ്‌കാരത്തിനും ഭാവി തലമുറയുടെ കായിക വികസനത്തിനും അനുയോജ്യമായ രീതിയിൽ ജവഹർ സ്റ്റേഡിയത്തെ നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആരാധക കൂട്ടായ്മ പറയുന്നു. പുതിയ ബജറ്റിൽ മലബാറിൽ 50 കോടി ചിലവിൽ ഫുട്‌ബോൾ സ്‌റ്റേഡിയം വരുന്നു എന്ന പ്രഖ്യാപനത്തിൽ കണ്ണൂരിലും ഇത്തരം സ്റ്റേഡിയങ്ങളുടെ ആവശ്യകത ഉന്നയിച്ചാണ് നിവേദനം നൽകിയിരിക്കുന്നത്.

പ്രധാന ആവശ്യങ്ങൾ

1. ബലക്ഷയം മൂലം ഉപയോഗിക്കാനാകാത്ത ഈസ്റ്റ് ഗ്യാലറി പുനർനിർമിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുക.
2. സ്റ്റേഡിയത്തിന്റെ ആകെ ഇരിപ്പിട ശേഷി വർധിപ്പിക്കുന്നതിനുള്ള വികസന പദ്ധതി നടപ്പാക്കുക.
3. കളിക്കാർക്കായി സ്ഥിരം ഡ്രസ്സിംഗ് റൂമുകൾ, മെഡിക്കൽ റൂം, ഡോപ്പിംഗ് കൺട്രോൾ റൂം, ഓഫീസുകൾ എന്നിവ നിർമ്മിക്കുക.
4. ആവശ്യമായ ശുചിമുറി സൗകര്യങ്ങളും കുടിവെള്ള സംവിധാനങ്ങളും ഒരുക്കുക.
5. ദേശീയ-അന്തർദേശീയ മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയുന്ന നിലവാരത്തിലുള്ള സ്ഥിരം ഫ്ളഡ് ലൈറ്റുകൾ സ്ഥാപിക്കുക.
6. മാധ്യമ പ്രവർത്തകർക്കും സംപ്രേഷണ സ്ഥാപനങ്ങൾക്കും അനുയോജ്യമായ മീഡിയ സൗകര്യങ്ങൾ ഒരുക്കുക.
7. സ്റ്റേഡിയം പരിസരത്ത് പാർക്കിംഗ്, സുരക്ഷ, പ്രവേശന-പുറത്തിറങ്ങൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക.
8. കണ്ണൂരിനെ ഉത്തര കേരളത്തിലെ പ്രധാന ഫുട്‌ബോൾ കേന്ദ്രമായി വികസിപ്പിക്കുന്നതിന് പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കുക.
 

Tags