ഫിഡെ അണ്ടർ-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്
കൊച്ചി: ലോക ചെസ് വേദിയിൽ വീണ്ടും ഇന്ത്യയ്ക്കു അഭിമാനമായി തിരുവനന്തപുരം സ്വദേശിനി ദിവി ബിജേഷ്. ജോർജിയയിലെ ബത്തൂമിയിൽ നടന്ന ഫിഡെ അണ്ടർ-12 ഗേൾസ് വേൾഡ് കപ്പ് 2026-ൽ കിരീടം നേടി ദിവി ചരിത്രം കുറിച്ചു.
11 റൗണ്ടുകളിൽ നിന്ന് 9 പോയിന്റ് നേടിയ ദിവി, ഏഴാം റൗണ്ട് മുതൽ ലീഡ് നിലനിർത്തിയാണ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. അവസാന റൗണ്ടിൽ റഷ്യയുടെ അലിസ യങ്കറിനെതിരെ സമനില നേടിയതോടെയാണ് കിരീടം ഉറപ്പിച്ചത്. ലോകത്തെ 90 പ്രമുഖ ബാലതാരങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചായിരുന്നു ദിവിയുടെ നേട്ടം.
2025-ൽ ഫിഡെ അണ്ടർ-10 ഗേൾസ് വേൾഡ് കപ്പ് നേടിയ ആദ്യ ചാമ്പ്യനായ ദിവി, 2025-ലെ ലോക അണ്ടർ-10 റാപ്പിഡ് ചാമ്പ്യനുമാണ്. 2025-ലും 2026-ലുമായി ദിവിയുടെ മൂന്നാമത്തെ ലോക കിരീടമാണിത്. ഈ വിജയത്തോടെ നവംബറിൽ നടക്കുന്ന 8 പേർക്ക് മാത്രം മത്സരിക്കുന്ന പറ്റുന്ന ഫിഡെ വേൾഡ് കേഡറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ആദ്യ താരമായി ദിവി.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ വുമൺ കാൻഡിഡേറ്റ് മാസ്റ്റർ (ഡബ്ല്യുസിഎം) കൂടിയായ ദിവി, ഇതുവരെ ഇന്ത്യയ്ക്കായി 25 അന്താരാഷ്ട്ര മെഡലുകൾ നേടിയിട്ടുണ്ട്. ഇതിൽ 13 എണ്ണം സ്വർണ മെഡലുകളാണ്.
തിരുവനന്തപുരം സ്വദേശിനിയും അലൻ ഫെൽമാൻ പബ്ലിക് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയുമായ ദിവി ബിജേഷിന്റെയും പ്രഭയുടെയും മകളാണ്. ചെസ്സ് താരമായ ദേവ്നാഥ് സഹോദരനാണ്. ചോള ചെസ് പദ്ധതിയുടെ പിന്തുണയിലും തിരുവനന്തപുരം മാസ്റ്റേഴ്‌സ് ചെസ് അക്കാദമിയിലെ പരിശീലകൻ ശ്രീജിത്ത് ജി.എസിന്റെയും മാർഗനിർദേശത്തിലുമാണ് ദിവി ലോകചാമ്പ്യൻ പട്ടത്തിലേക്ക് എത്തിയത്.
.jpg)

