ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Iyas Muhammad

കോഴിക്കോട്: അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്ക് അഭിമാനമായി മലയാളി കൗമാരതാരത്തിന്റെ ചരിത്രനേട്ടം. നേപ്പാളിലെ കാഠ്മണ്ഡുവിൽ വേൾഡ് മിക്സ് ബോക്സിംഗ് ഫെഡറേഷന്റെ (WMBF) ആഭിമുഖ്യത്തിൽ നടന്ന ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ബാലുശ്ശേരി അറപ്പീടിക സ്വദേശിയായ ഇയാസ് മുഹമ്മദ് വെള്ളി മെഡൽ കരസ്ഥമാക്കി. ഒമ്പത് രാജ്യങ്ങളിൽ നിന്നായി നൂറോളം താരങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ, 10–12 വയസ്സ് പ്രായക്കാരുടെ 36–38 കിലോഗ്രാം ഭാരവിഭാഗത്തിലാണ് ഈ പത്തു വയസ്സുകാരൻ മിന്നുന്ന വിജയം നേടിയത്. പ്രാഥമിക പോരാട്ടങ്ങളിൽ ആതിഥേയരായ നേപ്പാളിന്റെയും ഡൽഹിയുടെയും ശക്തരായ എതിരാളികളെ മറികടന്നാണ് ഇയാസ് ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലിൽ വാശിയേറിയ പോരാട്ടം പുറത്തെടുത്താണ് താരം വെള്ളി മെഡൽ ഉറപ്പിച്ചത്.

ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ ഇയാസ്, യോഷികാൻ ഫൈറ്റേഴ്സ് ഫാക്ടറി ക്ലബ്ബിലെ പരിശീലകരായ ഷൈജേഷ്, ലിബിൻ എന്നിവരുടെ കീഴിലാണ് പരിശീലനം നടത്തുന്നത്. പ്രമുഖ ആർക്കിടെക്ചറൽ സ്ഥാപനത്തിലെ എസ്റ്റിമേഷൻ എൻജിനീയറിംഗ് തലവനായ നിസാറിന്റെയും ജസ്നയുടെയും ഇളയ മകനാണ് ഇയാസ്. ബോക്സിംഗ് താരമായ മുഹമ്മദ് ഹാദിയാണ് സഹോദരൻ. കാഠ്മണ്ഡു ഡെപ്യൂട്ടി മേയർ, വേൾഡ് മിക്സ് ബോക്സിംഗ് ഫെഡറേഷൻ സ്ഥാപകനും സെക്രട്ടറിയുമായ റാഗേഷ് മസ്കർ എന്നിവർ പങ്കെടുത്ത സമാപന ചടങ്ങിൽ വിജയികൾക്ക് മെഡലുകൾ സമ്മാനിച്ചു. ചെറുപ്രായത്തിൽ തന്നെ രാജ്യത്തിന്റെയും നാടിന്റെയും പേരുയർത്തിയ ഇയാസിനെ മർകസ് സ്കൂൾ മാനേജ്മെന്റും അധ്യാപകരും അഭിനന്ദിച്ചു.
 

Tags