കിയ ഇന്ത്യയുടെ ‘ബക്കിൾ അപ്പ്’ റോഡ് സുരക്ഷാ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്; ടി എസ് എൽ ഫൗണ്ടേഷനുമായി ധാരണാപത്രം ഒപ്പുവെച്ചു
ന്യൂഡൽഹി: രാജ്യത്തെ പ്രധാന മാസ് പ്രീമിയം കാർ നിർമാതാക്കളിൽ ഒന്നായ കിയ ഇന്ത്യ, തന്റെ മുഖ്യ റോഡ് സുരക്ഷാ പ്രവർത്തനമായ ‘ബക്കിൾ അപ്പ്’ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി അറിയിച്ചു. റോഡ് ഗതാഗത-ദേശീയപാത വകുപ്പിന്റെ മേൽനോട്ടത്തിൽ, ടി എസ് എൽ ഫൗണ്ടേഷനുമായി ചേർന്നാണ് പദ്ധതി വിപുലീകരിക്കുന്നത്. പുതിയ ഘട്ടത്തിന്റെ ഉദ്ഘാടനം റോഡ് ട്രാൻസ്‌പോർട്- ദേശീയപാത മന്ത്രി (മിനിസ്റ്റർ ഓഫ് സ്റ്റേറ്റ്) അജയ് ടംട ന്യൂഡൽഹിയിലെ ട്രാൻസ്‌പോർട്ട് ഭവനിൽ നിർവഹിച്ചു. സർക്കാർ ഉദ്യോഗസ്ഥരും കിയ ഇന്ത്യയുടെ നേതൃത്വവും ചടങ്ങിൽ പങ്കെടുത്തു.
tRootC1469263">രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നൂറ് കോളേജുകളിലായി ഇരുപതിനായിരത്തോളം വിദ്യാർഥികളെ ഉൾപ്പെടുത്തി പരിശീലനവും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. സിമുലേറ്റർ അടിസ്ഥാനത്തിലുള്ള അനുഭവപരിചയ പരിശീലനങ്ങളിലൂടെ യുവാക്കളെ യാഥാർഥ്യ റോഡ് അപകട സാധ്യതകൾ മനസ്സിലാക്കാനും സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ സ്വീകരിക്കാനും സഹായിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രണ്ടാം ഘട്ടം ഏപ്രിൽ മുതൽ 2028 മാർച്ച് വരെ നടപ്പിലാക്കും. ഡൽഹി ദേശീയ തലസ്ഥാനം മേഖലയിലും ഉത്തരാഖണ്ഡിലുമുള്ള അപകട സാധ്യതയുള്ള മേഖലകളിൽ, പ്രത്യേകിച്ച് ഗുരുഗ്രാമിലും ഡൽഹി–ഉത്തരാഖണ്ഡ് ഹൈവേയിലുമായി കൂടുതൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഓൺലൈനിലും നേരിട്ടുമുള്ള ബോധവത്കരണ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമാകും.
ഇതിന് മുമ്പ് 2024 ഫെബ്രുവരിയിൽ ആരംഭിച്ച് 2025 ഫെബ്രുവരി വരെ നടപ്പിലാക്കിയ ആദ്യ ഘട്ടത്തിൽ ഗുരുഗ്രാം ട്രാഫിക് പൊലീസുമായി ചേർന്ന് കിയ ഇന്ത്യ റോഡ് സുരക്ഷയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിരുന്നു. അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ എഴുന്നൂറ് അമ്പത് ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചതോടെ അടിസ്ഥാന സൗകര്യ വികസനത്തിൽ പദ്ധതി നിർണായക പങ്കുവഹിച്ചു. കൂടാതെ നൂറ് സ്കൂളുകളിലായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടികളിലൂടെ ഏകദേശം മുപ്പത്തിരണ്ടായിരത്തോളം വിദ്യാർഥികളിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം വർധിപ്പിച്ചു.
ധാരണാപത്രം ഒപ്പുവെച്ച ചടങ്ങിൽ സംസാരിച്ച മന്ത്രി അജയ് ടംട, റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി അടിസ്ഥാന സൗകര്യ വികസനവും ബോധവത്കരണ പ്രവർത്തനങ്ങളും സംയോജിപ്പിച്ച കിയ ഇന്ത്യയുടെ ശ്രമത്തെ അഭിനന്ദിച്ചു. റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനായി വ്യവസായ മേഖലയും സർക്കാരും തമ്മിലുള്ള സഹകരണം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
‘ബക്കിൾ അപ്പ്’ പദ്ധതിയിലൂടെ സമൂഹ പങ്കാളിത്തം അടിസ്ഥാനമാക്കിയുള്ള റോഡ് സുരക്ഷാ മാതൃക വികസിപ്പിക്കുകയാണ് കിയ ഇന്ത്യയുടെ ലക്ഷ്യം. സർക്കാർ ഏജൻസികളുമായും പ്രാദേശിക ഭരണകൂടങ്ങളുമായും സമൂഹ്യ സംഘടനകളുമായും ചേർന്ന് രാജ്യത്ത് സുരക്ഷിതമായ റോഡ് സഞ്ചാര സംസ്കാരം വളർത്തുന്നതിന് കമ്പനി തുടർന്നും പ്രവർത്തിക്കുമെന്ന് കിയ ഇന്ത്യ വ്യക്തമാക്കി.
.jpg)


