കെസിഎല്‍ സീസണ്‍ 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്

KCL Season 2: Adani Trivandrum Royals retain three players
KCL Season 2: Adani Trivandrum Royals retain three players

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വില്‍ കഴിഞ്ഞ തവണത്തെ മൂന്ന് താരങ്ങളെ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് നിലനിര്‍ത്തി. ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഗോവിന്ദ് ദേവ് ഡി പൈ, സി കാറ്റഗറിയില്‍പ്പെട്ട സുബിന്‍ എസ്,വിനില്‍ ടി.എസ് എന്നിവരെയാണ് റോയല്‍സ് നിലനിര്‍ത്തിയത്. മികച്ച ബാറ്ററായ ഗോവിന്ദ് ദേവ് പൈ കേരള ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളിൽ  ഒരാളാണ്.

tRootC1469263">

കേരള ടീമിന്റെ ഒമാന്‍ ടൂറില്‍ മികച്ച പ്രകടനമായിരുന്നു ഗോവിന്ദ് കാഴ്ച്ച വെച്ചത്. കൂടാതെ, കഴിഞ്ഞ സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയിലും ഗോവിന്ദ് ഇടംപിടിച്ചിരുന്നു.11 കളിയില്‍ പാഡണിഞ്ഞ താരം രണ്ട് അര്‍ദ്ധ സെഞ്ചുറി ഉള്‍പ്പെടെ ടൂര്‍ണമെന്റിലാകെ മുന്നൂറ് റണ്‍സ് സ്വന്തമാക്കിയിരുന്നു. 79 റണ്‍സായിരുന്നു ഗോവിന്ദിന്റെ ആദ്യ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ബാറ്ററും വിക്കറ്റ് കീപ്പറുമാണ് സുബിന്‍ എസ്. കളിച്ച കളിയിലെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത താരമായിരുന്നു സുബിന്‍. അടുത്തിടെ നടന്ന എൻഎസ്കെ ട്രോഫിയിലും പ്രസിഡൻസ് കപ്പിലുമെന്നല്ലാം സുബിൻ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.

കൂറ്റൻ ഷോട്ടുകൾ പായിക്കാനുള്ള കഴിവാണ് സുബിൻ്റെ പ്രധാന മികവ്. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറും അണ്ടര്‍ 19 സ്റ്റേറ്റ് പ്ലയറുമാണ് ടി.എസ് വിനില്‍. "ഇത്തവണ കിരീടം ലക്ഷ്യമാക്കിയാണ് അദാനി ട്രിവാന്‍ഡ്രം റോയല്‍സ് കളത്തിലിറങ്ങുന്നത്. മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി കരുത്തുറ്റ ടീമിനെയാകും മത്സരത്തിനിറക്കുക "- ട്രിവാന്‍ഡ്രം റോയല്‍സ് ടീം ഡയറക്ടർ റിയാസ് ആദം പറഞ്ഞു.

Tags