മാസ് ബൈക്ക് റാലിയുമായി കണ്ണൂര്‍ വാരിയേഴ്സ്

Kannur Warriors with a mass bike rally

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിന് ആവേശം പകര്‍ന്ന് കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ നേതൃത്വത്തില്‍ മാസ് ബൈക്ക് റാലി സംഘടിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് കണ്ണൂര്‍ മുനിസിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച റാലി പയ്യാമ്പലം ബീച്ചില്‍ സമാപിച്ചു. ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി. ഇന്ദിരയും കണ്ണൂർ വാരിയേഴ്സ് സഹപരിശീലകൻ ഷഫീഖ് ഹസ്സൻ മഠത്തിൽ ചേർന്ന് റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. 

ജവഹര്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച റാലി കാല്‍ടെക്സ് ജംഗ്ഷന്‍, താണ, പഴയ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, പുതിയ ബസ് സ്റ്റാന്‍ഡ്, പ്രഭാത് ജംഗ്ഷന്‍ എന്നീ സ്ഥലങ്ങളിലൂടെയാണ് പയ്യാമ്പലം ബീച്ചിലെത്തിയത്. പരിപാടിയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്‌സും, വിവിധ ബൈക്ക് ക്ലബുകളും ഫുട്ബോള്‍ പ്രേമികളും ബൈക്ക് റാലിയില്‍ പങ്കെടുത്തു.

Kannur Warriors with a mass bike rally
താരങ്ങളും പരിശീലകനും ടീം പ്രതിനിധികളും ചേര്‍ന്ന് ജേഴ്‌സി പ്രകാശനം ചെയ്യുന്നു.

ബൂച്ചില്‍ വെച്ച് നടന്ന സമാപന പരിപാടിയില്‍ കണ്ണൂര്‍ വാരിയേഴ്സ് താരങ്ങളായ നിജോ ഗില്‍ബര്‍ട്ട്, സച്ചിന്‍ സുനില്‍, ജെറാര്‍ഡ് ആര്‍ട്ടിഗാസ് ഫോനുലെറ്റ്, സഹപരിശീലകന്‍ ഷഫീഖ് ഹസ്സന്‍ മഠത്തില്‍, ക്ലബ് ഡയറക്ടര്‍ സി.എ. മുഹമ്മദ് സാലിഹ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കണ്ണൂര്‍ വാരിയേഴ്സിന്റെ മൂന്നാം സീസണിലേക്കുള്ള ഔദ്യോഗിക ടീം ജേഴ്സി പ്രകാശനം ചെയ്തു. താരങ്ങളും പരിശീലകനും ടീം പ്രതിനിധികളും ചേര്‍ന്നാണ് പുതിയ ജേഴ്സി അവതരിപ്പിച്ചത്. കൂടാതെ മുട്ടിപ്പാട്ട് സംഗീത പരിപാടിയും അരങ്ങേറി. 
 

Tags