വിജയവഴിയിലേക്ക് തിരിച്ചെത്താന്‍ കണ്ണൂര്‍ വാരിയേഴ്സ്

Kannur Warriors aim to return to winning ways


മഞ്ചേരി: സൂപ്പര്‍ ലീഗ് കേരളയില്‍ അഞ്ചാം മത്സരത്തിനിറങ്ങുന്ന കണ്ണൂര്‍ വാരിയേഴ്സ് എഫ്സിക്ക് എതിരാളികള്‍ മലപ്പുറം എഫ്സി. ഇന്ന് വൈകീട്ട് 7.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. അവസാന മത്സരത്തില്‍ കാലിക്കറ്റ് എഫ്സിയോട് തോറ്റ കണ്ണൂര്‍ വാരിയേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്താനുള്ള ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്.

കാലിക്കറ്റിനെതിരായ മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ എതിരാളികള്‍ ചുവപ്പുകാര്‍ഡ് കണ്ട് പത്ത് പേരായി ചുരുങ്ങിയെങ്കിലും മുതലെടുക്കാന്‍ കണ്ണൂരിന് കഴിഞ്ഞിരുന്നില്ല. അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും അവ ഗോളാക്കി മാറ്റാന്‍ കഴിയാത്തതാണ് ടീമിന്റെ പ്രധാന പോരായ്മ. പരിചയസമ്പന്നനായ സ്ട്രൈക്കര്‍ ജെറാര്‍ഡ് ആര്‍ട്ടിഗാസ് ടീം വിട്ടതും ക്യാപ്റ്റന്‍ ഏണസ്റ്റീന്‍ ലവ്സാംബയുടെയും പ്രതിരോധ താരം മനോജിന്റെയും പരിക്കും കണ്ണൂരിന് തിരിച്ചടിയാണ്. സൂപ്പര്‍ താരം അസിയര്‍ ഗോമസിനും സ്ട്രൈക്കര്‍ ബോഗ്ദാന്‍ സ്റ്റമന്‍കോവിച്ചിനും താളം കണ്ടെത്താന്‍ കഴിയാത്തതും ടീമിന്റെ മുന്നേറ്റത്തെ ബാധിക്കുന്നുണ്ട്.

അതേസമയം, അവസാന മത്സരത്തില്‍ തകര്‍പ്പന്‍ വിജയം നേടിയ ആത്മവിശ്വാസത്തിലാണ് മലപ്പുറം എഫ്സി. തൃശൂര്‍ മാജിക് എഫ്സിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച മലപ്പുറം പത്ത് പേരുമായാണ് വിജയം സ്വന്തമാക്കിയത്. സീസണിലെ ആദ്യ വിജയം തേടിയിറങ്ങിയ മലപ്പുറത്തിന് ഈ നേട്ടം വലിയ ആത്മവിശ്വാസം നല്‍കും. സ്വന്തം ആരാധകരുടെ പിന്തുണയും ടീമിന് കരുത്താകും. സ്ട്രൈക്കര്‍ അമാദു സുകൂനിയയാണ് മലപ്പുറത്തിന്റെ പ്രധാന ആക്രമണായുധം. മധ്യനിര താരങ്ങളായ റാഷിദും മുഹമ്മദ് മഹ്ദിയും ചേരുന്നതോടെ ടീമിന്റെ മധ്യനിരയും ശക്തമാകുന്നു. മൊറോക്കന്‍ താരം എല്‍ഫോസിയുടെ കാലുകളിലാണ് കളിയുടെ നിയന്ത്രണം. നിലവിലെ ഫോമും അവസാന മത്സരത്തിലെ പ്രകടനവും കണക്കിലെടുക്കുമ്പോള്‍ മലപ്പുറത്തിന് മുന്‍തൂക്കമുണ്ടെങ്കിലും വിജയത്തിലൂടെ തിരിച്ചുവരാനാകും കണ്ണൂര്‍ വാരിയേഴ്സിന്റെ ശ്രമം.

Tags