കണ്ണൂർ വാരിയേഴ്‌സ് ടീമിൽ എട്ട് കണ്ണൂർക്കാർ

Kannur Warriors team

കണ്ണൂർ: സൂപ്പർ ലീഗ് കേരള മൂന്നാം സീസണിലേക്ക് ഒരുങ്ങുന്ന കണ്ണൂർ വാരിയേഴ്‌സ് ടീമിൽ എട്ട് കണ്ണൂർ താരങ്ങൾ. മുഹമ്മദ് സിനാൻ, സച്ചിൻ സുനിൽ, ഷിബിൻ സാദ്, മുഹമ്മദ് മുഷ്‌റഫ്, ഹൃഷഭ് കെ, അദ്വൈദ് പി, ഗൗതം പി, മുഹമ്മദ് ഫിസാൻ ജാബിർ എന്നിവരാണ് ടീമിലെ എട്ട് കണ്ണൂർ താരങ്ങൾ. കിരീടം നേടിയ കഴിഞ്ഞ സീസണിൽ ഒമ്പത് കണ്ണൂർ താരങ്ങളുണ്ടായിരുന്നു.

കക്കാട് സ്വദേശിയായ മുഹമ്മദ് സിനാൻ സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ എമർജിങ് താരവും കഴിഞ്ഞ സീസണിൽ കണ്ണൂർ വാരിയേഴ്സിനൊപ്പം കിരീടം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ടീമിനായി നാല് ഗോളുകളും രണ്ട് അസിസ്റ്റുകളുംസ്വന്തമാക്കി. പരശ്ശിനിക്കടവ് നമ്പ്രം സ്വദേശിയായ സച്ചിൻ സുനിൽ കഴിഞ്ഞ സീസണിൽ കണ്ണൂർ വാരിയേഴ്സിനായി ഫൈനൽ ഉൾപ്പെടെ അഞ്ച് മത്സരങ്ങളിൽ കളിച്ചു. മുണ്ടയാട് സ്വദേശിയായ ഷിബിൻ സാദ് എം. കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു. മൂന്ന് മത്സരങ്ങളിൽ കളിച്ച് അഞ്ച് ടാക്കിളുകളും അഞ്ച് ഇന്റർസെപ്ഷനുകളും രേഖപ്പെടുത്തി.

പയ്യന്നൂർ സ്വദേശിയായ മുഹമ്മദ് മുഷറഫ് കഴിഞ്ഞ എസ്എൽകെ സീസണിൽ ഫോഴ്‌സ കൊച്ചിക്ക് വേണ്ടിയാണ് കളിച്ചത്. റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിൽ ഈസ്റ്റ് ബംഗാളിനൊപ്പം റണ്ണറപ്പായിട്ടുണ്ട്.ചെറുകുന്ന് സ്വദേശിയായ ഹൃഷഭ് കെ 2025 ൽ കേരളത്തിനൊപ്പം അണ്ടർ 19 സ്‌കൂൾസ് നാഷണൽസ് കിരീടം നേടിയിട്ടുണ്ട്. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ്. അദ്വൈദ് പി 2025-26 സീസണിൽ സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ് നേടിയ കണ്ണൂർ സർവകലാശാല ടീമിന്റെ ഭാഗമായിരുന്നു. കണ്ണൂർ കാങ്കോൽ സ്വദേശിയാണ്. കണ്ടോത്ത് സ്വദേശിയായ ഗൗതം പി 2024ൽ ഈസ്റ്റ് ബംഗാൾ യൂത്ത് ടീമിൽ കളിച്ചിട്ടുണ്ട്. സംസ്ഥാന അണ്ടർ 20 കിരീടവും ഇന്റർ-കോളേജിയേറ്റ് ചാമ്പ്യൻഷിപ്പ് കിരീടവും നേടിയിട്ടുണ്ട്. തളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് ഫിസാൻ ജാബിർ പഞ്ചാബ് എഫ്‌സി, ശ്രീനിധി ഡെക്കാൻ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി തുടങ്ങിയ ടീമുകൾളുടെ യൂത്ത് ടീമിനായി കളിച്ച താരമാണ്.

Tags