കണ്ണൂർ പ്രസ് ക്ലബ് ജെവിഎൽ സീസൺ - 7, ജൂൺ ആദ്യവാരം കണ്ണൂരിൽ

Kannur Press Club JVL Season - 7, 1st week of June at Kannur

 കണ്ണൂർ : കണ്ണൂർ പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിലുള്ള തുളസി ഭാസ്കരൻ മെമ്മോറിയൽ ജേർണലിസ്റ്റ് വോളി ലീഗ് (ജെവിഎൽ) സീസൺ - 7, ജൂൺ 6,7,8 തീയതികളിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി ഇന്ദിര, ജനറൽ കൺവീനർ കെ എൻ ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

കണ്ണൂർ സ്പോർട്സ് ഡിവിഷൻ സ്കൂൾ ഫ്ലഡ്‌ലിറ്റ് ഗ്രൗണ്ടിലാണ് മത്സരം. കേരളത്തിലെ വിവിധ പ്രസ് ക്ലബ് ടീമുകൾ മൂന്നു ദിവസങ്ങളിലായി ജെവിഎലിൽ മാറ്റുരയ്ക്കും. ജെവിഎലിൻ്റെ ഭാഗമായി സർക്കാർ വകുപ്പുകളായ എക്സൈസ്, ഫോറസ്റ്റ്,
സെൻട്രൽ ജയിൽ, ഡോക്ടേഴ്സ്, പ്രൊഫസേഴ്സ്,ആസ്റ്റർ മിംസ് ടീമുകളുടെ ടൂർണമെൻ്റും മാധ്യമ സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. 

മന്ത്രിമാരും എംഎൽഎ മാരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്ന ടീം, ചേംബർ ഓഫ് കൊമേഴ്സ് ടീം, യുവജന സംഘടനാ നേതാക്കളുടെ ടീം, സിറ്റി പോലീസ് കമ്മീഷണർ നയിക്കുന്ന പോലീസ് ഓഫീസേഴ്സ് ടീം എന്നിവരും ജെവിഎലിൻ്റെ ഭാഗമാകും. ഇത്തവണ കുടക് പ്രസ് ക്ലബ് ടീമും കളത്തിലിറങ്ങും. 

ജെവിഎൽ സീസൺ - 7 ൻ്റെ ഭാഗമായി, വോളിബോൾ ഗ്രാമങ്ങളായ ഏര്യം, മക്രേരി എന്നിവിടങ്ങളിൽ പഴയകാല വോളി താരങ്ങളെ ആദരിക്കുകയും  കുട്ടികളുടെ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ച് ക്ലാസ് നൽകുകയും ചെയ്തിരുന്നു.
കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെൻ്റായ ജെവിഎലിൽ ലഫ്. കേണൽ മോഹൻലാൽ രണ്ടുതവണ സെലിബ്രിറ്റി  പ്രചാരണ വോളിയുടെ ഉദ്ഘാടകനായെത്തി. ടെറിട്ടോറിയൽ ആർമിയുടെ ജേഴ്സി അണിഞ്ഞ് മോഹൻലാൽ ജെവിഎൽ ഗ്രൗണ്ടിലിറങ്ങിയപ്പോൾ കണ്ണൂർ അക്ഷരാർത്ഥത്തിൽ ആവേശത്തിലായിരുന്നു. മാധ്യമ പ്രവർത്തകരുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തിയും ചികിത്സാ സഹായം നൽകുന്നതിനും വേണ്ടിയാണ് ജെവിഎൽ സംഘടിപ്പിക്കുന്നതെനിന്നും ഭാരവാഹികൾ പറഞ്ഞു.

Tags