സൂപ്പർ ലീഗിന് ഒരുങ്ങി കണ്ണൂർ ജവഹർ സ്റ്റേഡിയം

Kannur Jawaharlal Stadium is ready for the third season of Super League Kerala

കണ്ണൂർ: സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് കണ്ണൂർ മുൻസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ പന്തുരുളും. സെപ്റ്റംബർ 25 വെള്ളിയാഴ്ച രാത്രി 8ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സിയും തൃശൂർ മാജിക് എഫ്സിയും ഏറ്റുമുട്ടും.
മത്സരത്തിനായി ജവഹർ സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി. ഗ്യാലറികളുടെ പെയിന്റിങ്, താൽക്കാലിക ഫ്‌ലഡ് ലൈറ്റുകളുടെ സ്ഥാപിക്കൽ, ഉപയോഗിക്കാൻ കഴിയാത്ത ഈസ്റ്റ് ഗ്യാലറിക്ക് മുന്നിലെ താൽക്കാലിക ഗ്യാലറിയുടെ നിർമാണം എന്നിവ പൂർത്തിയായി. താരങ്ങൾക്കും ഒഫീഷ്യൽ സംഘങ്ങൾക്കുമുള്ള ഡ്രസ്സിങ് റൂം, മെഡിക്കൽ റൂം, മീഡിയ റൂം, ബ്രോഡ്കാസ്റ്റിങ് റൂം തുടങ്ങിയവയുടെ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
സെക്യൂരിറ്റി ബാരിക്കേഡുകൾ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള അവസാനഘട്ട പ്രവർത്തനങ്ങളാണ് ഇനി പൂർത്തിയാക്കാനുള്ളത്. മത്സരത്തിനായി സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും പൂർണ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

പതിനാറായിരും  ആരാധകർക്ക് കളി കാണാം

35,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ഒരു വശം നിലവിൽ ബലക്ഷയം കാരണം ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ 16,000 പേർക്കായിരിക്കും കളി കാണാൻ സാധിക്കുക. സൂപ്പർ ലീഗ് കേരളയുടെ കഴിഞ്ഞ സീസണിൽ ശരാശരി 15,356 പേരാണ് കണ്ണൂർ വാരിയേഴ്‌സിന്റെ മത്സരം കാണാൻ ജവഹർ സ്റ്റേഡിയത്തിലെത്തിയത്.

ടിക്കറ്റ് വില

ഗ്യാലറി മുതൽ ഡയറക്ടർ ബോക്സ് വരെയാണ് ടിക്കറ്റുകൾ. 199 രൂപ മുതൽ 1999 രൂപ വരെയാണ് ടിക്കറ്റ് വില വരുന്നത്. 199 രൂപയ്ക്ക് ജനറൽ സൗത്ത് ഗ്യാലറി, ബഫ് ഗ്യാലറി, 499 രൂപയുടെ പ്രീമിയം ബോക്സ്, 499 ഫാമിലി ടിക്കറ്റ് (ഫാമിലി ടിക്കറ്റിൽ മാതാപിതാക്കൾക്ക് പുറമെ 12 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികൾക്കും പ്രവേശിക്കാം), 1999 രൂപയുടെ ഡയറക്ടർ ബോക്സ് എന്നിവയാണ് ഉള്ളത്.

ടിക്കറ്റ് വാങ്ങാം

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിൽ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന കണ്ണൂർ വാരിയേഴ്സിന്റെ അഞ്ച് ഹോം മത്സരങ്ങളുടെയും ടിക്കറ്റുകൾ www.kannurwarriorsfc.com എന്ന വെബ് സൈറ്റിലും www.skillboxes.com വെബ് സൈറ്റിലും അപ്പിളിക്കേഷനിലും ലഭ്യമാണ്. ഓഫ്ലൈൻ ടിക്കറ്റുകൾ കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിന് എതിർവശം പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം പ്രത്യേകം തയ്യാറാക്കിയ ബോക്‌സ് ഓഫീസിൽ നിന്ന് ലഭ്യമാണ്.

പാർക്കിംങ്

ജവഹർ സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വിവിധ ഇടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. പഴയ ബസ് സ്റ്റാൻഡ്, കണ്ണൂർ കോർപ്പറേഷൻ മൾട്ടി ലെവൽ പാർക്കിംഗ്, ജി.വി.എച്ച്.എസ്.എസ്. സ്‌പോർട്‌സ് സ്‌കൂൾ ഗ്രൗണ്ട്, പോലീസ് മൈതാനം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. മത്സരത്തിനെത്തുന്നവർക്ക് സൗകര്യപ്രദമായി വാഹനങ്ങൾ പാർക്ക് ചെയ്ത് സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരാവുന്നതാണ്.

ടീമിൽ എട്ട് കണ്ണൂർക്കാർ കണ്ണൂരുകാർ

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിലേക്ക് ഒരുങ്ങുന്ന കണ്ണൂർ വാരിയേഴ്സ് ടീമിൽ എട്ട് കണ്ണൂർ താരങ്ങൾ. മുഹമ്മദ് സിനാൻ, സച്ചിൻ സുനിൽ, ഷിബിൻ സാദ്, മുഹമ്മദ് മുഷ്റഫ്, ഹൃഷഭ് കെ, അദ്വൈദ് പി, ഗൗതം പി, മുഹമ്മദ് ഫിസാൻ ജാബിർ എന്നിവരാണ് ടീമിലെ എട്ട് കണ്ണൂർ താരങ്ങൾ. കിരീടം നേടിയ കഴിഞ്ഞ സീസണിൽ ഒമ്പത് കണ്ണൂർ താരങ്ങളുണ്ടായിരുന്നു.

Tags