ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍

D

ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നുണ്ടെങ്കിലും താരം ടീമില്‍ തുടര്‍ന്നും കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍. ഏഷ്യന്‍ ഗെയിംസ് 2026ല്‍ ഇന്ത്യയെ സ്വര്‍ണ മെഡലിലേക്ക് നയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നിര്‍ണായക പ്രഖ്യാപനം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ തീരുമാന ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 

ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നുണ്ടെങ്കിലും താരം ടീമില്‍ തുടര്‍ന്നും കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.വര്‍ഷങ്ങളുടെ ഓര്‍മകളും വികാരങ്ങളും നിറഞ്ഞതാണ് തന്റെ ക്യാപ്റ്റന്‍സി കാലയളവെന്ന് ഹര്‍മന്‍പ്രീത് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

''ടീമിനും ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനും വേണ്ടി ഞാന്‍ എന്റെ സര്‍വവും നല്‍കിയിട്ടുണ്ട്. എന്റെ വിയര്‍പ്പും സമയവും, പലപ്പോഴും എന്റെ വ്യക്തിപരമായ നേട്ടങ്ങളും. ടീമിനെ മുന്നില്‍ നിര്‍ത്താന്‍ വേണ്ടി പലപ്പോഴും എന്റെ സ്വന്തം ആഗ്രഹങ്ങളും ഞാന്‍ മാറ്റിവെച്ചിട്ടുണ്ട്.'' അവര്‍ കുറിച്ചു.

പ്രതിസന്ധി ഘട്ടങ്ങളെയും വിമര്‍ശനങ്ങളെയും നേരിട്ടതിനൊപ്പം രാജ്യത്തെ വിജയത്തിലേക്ക് നയിക്കാനായതിന്റെ അഭിമാനവും അവര്‍ പങ്കുവെച്ചു. ടീം നിലവില്‍ ശക്തമായ ഒരു അവസ്ഥയിലാണെന്നും, യുവതാരങ്ങള്‍ക്ക് വളരാന്‍ അനുയോജ്യമായ സമയമാണിതെന്നും വ്യക്തമാക്കിയ ഹര്‍മന്‍പ്രീത്, സമാധാനത്തോടെയാണ് താന്‍ ക്യാപ്റ്റന്‍സി പദവി ഒഴിയുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ബിസിസിഐയ്ക്കും, സഹതാരങ്ങള്‍ക്കും, പരിശീലകര്‍ക്കും, ഒപ്പം തനിക്ക് പിന്തുണ നല്‍കിയ എല്ലാ ആരാധകര്‍ക്കും അവര്‍ നന്ദി അറിയിച്ചു.

Tags