ജിമ്മുകളിൽ ഉത്തേജനത്തിന് രക്തസമ്മർദത്തിന്റെ മരുന്ന്

google news
gym

മഞ്ചേരി: അടിയന്തര സാഹചര്യത്തിൽ രക്തസമ്മർദം കൂട്ടുന്നതിന് ഉപയോഗിക്കുന്ന മെഫട്രമിൻ സൾഫേറ്റ് എന്ന മരുന്ന് ലഹരിക്കും ഉത്തേജനത്തിനും ജില്ലയിൽ വ്യാപകമായി ഉപയോഗിക്കുന്നതായി സൂചന. ഡോക്ടറുടെ കുറിപ്പടിയിൽമാത്രം ലഭ്യമാകുന്ന ഇൻജക്‌ഷൻ രൂപത്തിലുള്ള ഈ മരുന്ന് പലയിടങ്ങളിലും അനധികൃതമായി വിൽക്കുന്നതായി ഡ്രഗ് കൺട്രോൾ വിഭാഗത്തിന് വിവരം ലഭിച്ചു. മരുന്നിന്റെ രഹസ്യസംഭരണവും വിതരണവും സംബന്ധിച്ച് ഡ്രഗ് കൺട്രോൾ വിഭാഗം അന്വേഷണം തുടങ്ങി.

കൊച്ചിയിൽനിന്ന് എത്തിക്കുന്ന മരുന്ന് ജിമ്മുകളിൽ ബോഡി ബിൽഡർമാർക്ക് നൽകാൻ ഏജന്റുമാർ മുഖേന വിൽപ്പന നടത്തുന്നതായാണ് പ്രാഥമിക നിഗമനം. ഇത് കായിക ഉത്തേജനത്തിനും ലഹരിയായും ഉപയോഗിക്കുന്നതായാണു സൂചന. മെഡിക്കൽ സ്റ്റോറുകളിൽ സുലഭമല്ലാത്ത മെഫട്രമിൻ സൾഫേറ്റ് ആവശ്യക്കാർക്ക് ഓൺലൈൻവഴിയും എത്തിച്ചുനൽകുന്നുണ്ട്. പരിശോധനയില്ലാതെയുള്ള മരുന്നിന്റെ ഉപയോഗം ഹൃദയാഘാതം, ഉറക്കമില്ലായ്‌മ, മാനസിക പരിമുറുക്കം, നിർജലീകരണം തുടങ്ങിയ ഗുരുതര അസുഖങ്ങൾക്കു വഴിവെക്കുമെന്ന് മഞ്ചേരി മെ‍ഡിക്കൽ കോളേജ് ഫാർമക്കോളജി വിഭാഗം അസി. പ്രൊഫസർ ഡോ. പി. അബ്ദുൾ അസ്‌ലം പറഞ്ഞു.

Tags