കായികപ്രേമികൾക്ക് ആവേശം പകർന്ന് ഫാൻ വില്ലേജും കെസിഎൽ മൊബൈൽ ആപ്പും; ഡോ.ദിവ്യ എസ് അയ്യർ ഉദ്ഘാടനം നിർവഹിച്ചു

Fan Village and KCL Mobile App Inaugurated by Dr. Divya S. Iyer, Enthusiasm for Sports Lovers
Fan Village and KCL Mobile App Inaugurated by Dr. Divya S. Iyer, Enthusiasm for Sports Lovers


തിരുവനന്തപുരം:  കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരുക്കിയ 'കെ.സി.എൽ ഫാൻ വില്ലേജിന്റെ ഉദ്ഘാടനം വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ  നിർവഹിച്ചു. കളിക്കളത്തിലെ ആവേശത്തിനപ്പുറം കുടുംബങ്ങളെയും കുട്ടികളെയും സ്‌പോർട്‌സിലേക്ക് ആകർഷിക്കുന്ന ഇത്തരം സംരംഭങ്ങൾ അഭിനന്ദനാർഹമാണെന്ന് ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. ഓണാഘോഷങ്ങളുടെ ഭാഗമായി ക്രിക്കറ്റിനെ ഒരു ഉത്സവമാക്കി മാറ്റുന്ന ഫാൻ വില്ലേജ്, കായിക സംസ്‌കാരം വളർത്തുന്നതിൽ വലിയ പങ്കുവഹിക്കുമെന്നും ഡോ. ദിവ്യ  പറഞ്ഞു. ചടങ്ങിൽ കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) ഔദ്യോഗിക മൊബൈൽ ആപ്പും പ്രകാശനം ചെയ്തു.

tRootC1469263">

സ്റ്റേഡിയത്തിലെ അഞ്ചാം നമ്പർ ഗേറ്റിലൂടെ പ്രവേശിക്കുന്നയിടത്ത് സജ്ജമാക്കിയ  ഫാൻ വില്ലേജിൽ പ്രവേശനം  സൗജന്യമാണ്. ഉദ്ഘാടന ദിവസം തന്നെ നിരവധി കുടുംബങ്ങളും യുവാക്കളും ഇവിടം സന്ദർശിക്കാനെത്തി. കുട്ടികൾക്കും മുതിർന്നവർക്കുമായി മിനി ക്രിക്കറ്റ്, ബോളിംഗ്, ഡാർട്ട്, ഹൂപ്ല, സ്പീഡ് ബോൾ തുടങ്ങിയ ഗെയിമുകളും ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, വൈവിധ്യമാർന്ന ഭക്ഷണശാലകളും കെ.സി.എൽ ഭാഗ്യചിഹ്നങ്ങൾക്കൊപ്പം ഫോട്ടോയെടുക്കാനുള്ള അവസരവമുണ്ട്. മത്സരങ്ങൾ കാണാനെത്തുന്നവർക്ക് കളിയോടൊപ്പം ഒരു ഉത്സവപ്രതീതി നൽകുകയാണ് ഫാൻ വില്ലേജിന്റെ ലക്ഷ്യം. കെസിഎൽ ഫാൻ വില്ലേജ് ഫൈനൽ ദിവസം വരെ ഗ്രീൻഫീൽഡിൽ പ്രവർത്തിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് പ്രവേശനം.

മത്സരവുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവയെല്ലാം കെസിഎൽ ആപ്പിൽ ലഭ്യമാണെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു. കെസിഎല്ലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും  വിരൽ തുമ്പിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആപ്പ് പുറത്തിറക്കിയതെന്നും  ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫാൻ വില്ലേജിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്യുമ്പോഴും
ആപ്പിലൂടെ പോളുകൾക്ക് ഉത്തരം നൽകുമ്പോഴും ലഭിക്കുന്ന ലോയൽറ്റി പോയിന്റുകൾ വിനിയോഗിച്ച്  ഉത്പന്നങ്ങൾ വാങ്ങുവാനും ഉപഭോക്താക്കൾക്ക് കഴിയും.
 മൊബൈൽ അപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ചടങ്ങിൽ കെസിഎ മുൻ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായർ, കെസിഎ സി.ഇ.ഒ മിനു ചിദംബരം, കെസിഎൽ ടൂർണമെൻ്റ് ഡയറക്ടർ രാജേഷ് തമ്പി തുടങ്ങിയവർ പങ്കെടുത്തു. https://play.google.com/store/apps/details?id=com.kcl.app
 

Tags