കാനഡ താരത്തിന്റെ കാലൊടിച്ച അപകടകരമായ ടാക്ലിങ് ; ഖത്തര്‍ താരം അസിം മാഡിബോയ്ക്ക് വിലക്ക്

canada

ഫിഫ അച്ചടക്ക സമതി ഗുരുതരമായ നിയമ ലംഘനം എന്നു വിലയിരുത്തി മാഡിബോയ്ക്ക് അഞ്ചു മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി.

ലോകകപ്പ് മത്സരത്തിനിടെ കാനഡയുടെ മിഡ്ഫീല്‍ഡര്‍ ഇസ്മായെല്‍ കോനെയുടെ കാല്‍ ഒടിയാന്‍ കാരണമായ അപകടകരമായ ടാക്ലിങ്ങിന് ഖത്തര്‍ താരം അസീം മാഡിബോയ്ക്ക് കനത്ത ശിക്ഷ. സംഭവം പരിശോധിച്ച ഫിഫ അച്ചടക്ക സമതി ഗുരുതരമായ നിയമ ലംഘനം എന്നു വിലയിരുത്തി മാഡിബോയ്ക്ക് അഞ്ചു മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി.

കഴിഞ്ഞ ആഴ്ച വാന്‍കൂവറില്‍ നടന്ന മത്സരത്തിലാണ് സംഭവം. മത്സരത്തിന്റെ 51ാം മിനിറ്റില്‍ കോനെയെ മാഡിബോ പിന്നില്‍ നിന്ന് ടാക്കിള്‍ ചെയ്യുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ കോനെ, കാലില്‍ പിടിച്ച് വായ പൊത്തിപ്പിടിച്ച് ഗ്രൗണ്ടില്‍ വീണു. തുടര്‍ന്ന് മെഡിക്കല്‍ സംഘം സ്ട്രെക്ച്ചറില്‍ കോനെയെ പുറത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട താരത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തി. താരത്തിന്റെ ഇടതു കാലിന് ഒടിവ് സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മത്സരത്തില്‍ മാഡിബോയെ റഫറി നേരിട്ട് ചുവപ്പു കാര്‍ഡ് നല്‍കി പുറത്താക്കി. തുടര്‍ന്ന് ഖത്തര്‍ താരം നേരിട്ടെത്തി കോനെയോട് മാപ്പ് ചോദിക്കുകയും ചെയ്തു. അതേസമയം തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെ കോനെ ആരാധകര്‍ക്കായി കുറിപ്പ് പങ്കുവച്ചിരുന്നു.
 

Tags