ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം
കോഴിക്കോട്: ഗവൺമെൻറ് സൈബർ പാർക്കിന്റെ സഹകരണത്തോടെ കാലിക്കറ്റ് ഫോറം ഫോർ ഐടി (കാഫിറ്റ് ) സംഘടിപ്പിക്കുന്ന ബീച്ച് ക്രിക്കറ്റ് ടൂർണമെന്റ് ആയ കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കമായി. കോഴിക്കോട് ടൗൺ ബീച്ചിൽ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന മൈതാനത്ത് നടക്കുന്ന ഈ ത്രിദിന ടൂർണമെന്റിൽ പുരുഷ- വനിത വിഭാഗങ്ങളിലായി 35 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
ഇൻഫോപാർക്കിന്റെയും സൈബർ പാർക്കിന്റെയും സിഇഒ ആയ സുശാന്ത് കുറുന്തിൽ മത്സരങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കാണികളെ ത്രസിപ്പിക്കുന്ന ടൂർണമെന്റായി ഇതു മാറുമെന്ന് അദ്ദേഹം പറഞ്ഞു.
ഗവ. സൈബർ പാർക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിവേക് നായർ, കാഫിറ്റ് പ്രസിഡൻറ് റിഫാത്ത് റഹ്മാൻ, സെക്രട്ടറി പ്രജീഷ് കെ കെ , മുൻ പ്രസിഡൻ്റും സിപിഎല്ലിൻ്റെ ചെയർമാനുമായ അബ്ദുൾ ഗഫൂർ കെ വി, വിവിധ സ്പോൺസർ പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ആറ് ഓവർ വീതമുള്ള മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഒരു ടീമിൽ എട്ടുപേർക്ക് കളിക്കാം. 29 പുരുഷ ടീമുകളും 6 വനിതാ ടീമുകളുമാണ് പങ്കെടുക്കുന്നത്. ഫൈനൽ മത്സരങ്ങൾ ഞായറാഴ്ച നടക്കും. ആദ്യ മത്സരത്തിൽ സോഫ്റ്റ്രോണിക്സ് അയോ നോബിനെ 15 റൺസിന് തോൽപ്പിച്ചു. വൈകിട്ട് മൂന്നു മുതൽ 11 മണി വരെയാണ് മത്സരങ്ങൾ.
വിവിധ വിഭാഗങ്ങളിലായി ഒന്നര ലക്ഷം രൂപയുടെ സമ്മാനങ്ങൾ ആണ് വിജയികൾക്ക് ലഭിക്കുന്നത്.
.jpg)

