അസറുദ്ദീന് സെഞ്ചുറി, ബാറ്റർമാർക്ക് വെടിക്കെട്ട്; ഹിമാചലിനെതിരെ കേരളത്തിന് 268 റൺസിന്റെ കൂറ്റൻ സ്കോർ
ന്യൂ ചണ്ഡീഗഢ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചൽ പ്രദേശിനെതിരെ കൂറ്റൻ സ്കോറുയർത്തി കേരളം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 268 റൺസാണ് അടിച്ചുകൂട്ടിയത്. സെഞ്ചുറി നേടിയ ഓപ്പണർ മുഹമ്മദ് അസറുദ്ദീന്റെയും (57 പന്തിൽ 101), തകർത്തടിച്ച രോഹൻ കുന്നുമ്മൽ (16 പന്തിൽ 35), ക്യാപ്റ്റൻ സഞ്ജു സാംസൺ (21 പന്തിൽ 44), അബ്ദുൾ ബാസിത്ത് (5 പന്തിൽ പുറത്താകാതെ 24) എന്നിവരുടെ പ്രകടനമാണ് കേരളത്തിന് പടുകൂറ്റൻ സ്കോർ സമ്മാനിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ കേരള ബാറ്റർമാർ ആക്രമിച്ചു കളിക്കുന്ന കാഴ്ചയാണ് മൈതാനത്ത് കണ്ടത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ സിക്സർ പറത്തി രോഹൻ കുന്നുമ്മൽ വെടിക്കെട്ടിന് തുടക്കമിട്ടു. രോഹനും അസറുദ്ദീനും ചേർന്ന് പവർപ്ലേയിൽ തന്നെ സ്കോർ 80 കടത്തി. ആറാം ഓവറിൽ 82 റൺസിൽ നിൽക്കെ അർപിത് ഗുലേറിയയുടെ ബൗൺസറിൽ കുടുങ്ങി രോഹൻ പുറത്തായെങ്കിലും, പിന്നാലെയെത്തിയ സഞ്ജു സാംസൺ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി വരവറിയിച്ചു.അസറുദ്ദീനും സഞ്ജുവും ചേർന്ന് രണ്ടാം വിക്കറ്റിൽ 77 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ടുണ്ടാക്കി. 21 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 44 റൺസെടുത്ത സഞ്ജുവിനെ മൃദുൽ സുറോക്കിന്റെ പന്തിൽ ഹിമാചൽ ക്യാപ്റ്റൻ പുഖ്‌രാജ് മൻ ക്യാച്ചെടുത്ത് പുറത്താക്കി. തുടർന്നെത്തിയ വിഷ്ണു വിനോദും (11 പന്തിൽ 22) മോശമാക്കിയില്ല.
ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് ഉറച്ചുനിന്ന മുഹമ്മദ് അസറുദ്ദീൻ എട്ട് ഫോറുകളുടെയും ആറ് സിക്സറുകളുടെയും അകമ്പടിയോടെ തകർപ്പൻ സെഞ്ചുറി പൂർത്തിയാക്കി. 19-ാം ഓവറിൽ ആര്യമാൻ സിങ്ങിന്റെ യോർക്കറിൽ അസറുദ്ദീൻ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ അബ്ദുൾ ബാസിത്ത് അവസാന ഓവറുകളിൽ സംഹാരതാണ്ഡവമാടി. വെറും അഞ്ച് പന്തിൽ മൂന്ന് സിക്സും ഒരു ഫോറുമടക്കം പുറത്താകാതെ 24 റൺസാണ് ബാസിത്ത് അടിച്ചെടുത്തത്. സൽമാൻ നിസാർ 15 പന്തിൽ പുറത്താകാതെ 26 റൺസ് നേടി മികച്ച പിന്തുണ നൽകി. ഹിമാചൽ പ്രദേശിനായി മൃദുൽ സുറോക്ക് രണ്ടും, അർപിത് ഗുലേറിയ, ആര്യമാൻ സിങ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി
.jpg)

