സിബിഎൽ ആറാം സീസൺ കല്ലടയിലെ രണ്ടാം ലീഗ് മത്സരത്തിലും അരോമ ചുണ്ടന് ജയം
കൊല്ലം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ ഐപിഎൽ മാതൃകയിലുള്ള ചാമ്പ്യൻസ് ബോട്ട് ലീഗിൻറെ ആറാം സീസൺ കല്ലടയിൽ നടന്ന രണ്ടാം ലീഗ് മത്സരത്തിൽ അരോമ ബോട്ട് ക്ലബ് കൊല്ലം തുഴഞ്ഞ അരോമ ചുണ്ടൻ ജേതാക്കളായി. നെട്ടായത്തിൻറെ മുക്കാൽ പിന്നിടുമ്പോഴും മുന്നിലായിരുന്ന നിരണം ബോട്ട് ക്ലബിൻറെ നിരണം ചുണ്ടനെ അവിശ്വസനീയമായ കുതിപ്പിലൂടെ തോൽപ്പിച്ചാണ് സിബിഎൽ ആറാം സീസണിലെ തുടർച്ചയായ രണ്ടാം ജയം അരോമ തുഴഞ്ഞെടുത്തത്.
അരോമ ചുണ്ടൻ (3.37.867 മിനിറ്റ്), നിരണം ചുണ്ടൻ (3.38.273 മിനിറ്റ്), വീയപുരം ചുണ്ടൻ ( 3.39.849 മിനിറ്റ്) എന്നിങ്ങനെയാണ് ഫൈനലിലെ ഫിനിഷ് സമയം. തുടക്കത്തിലെ ലീഡ് നിലനിറുത്തിയ യുബിസി എഫ് സി തുഴഞ്ഞ വീയപുരം ചുണ്ടൻ പക്ഷെ പകുതി പിന്നിട്ടപ്പോൾ കിതച്ചു. ആദ്യ പാദത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മൂന്നു വള്ളങ്ങളും കാഴ്ചവച്ചത്. പകുതിയ്ക്ക് തൊട്ട് മുമ്പ് നിരണം മുന്നിലെത്തി. പക്ഷെ നെട്ടായത്തിൻറെ മുക്കാൽ പിന്നിട്ടപ്പോൾ അരോമ നടത്തിയ കുതിപ്പ് സിബിഎൽ ചരിത്രത്തിലെ മികച്ച മുഹൂർത്തങ്ങളിലൊന്നായി മാറി.
അടുത്ത കൊല്ലം മുതൽ നവംബർ ഒന്നിന് സിബിഎല്ലിൻറെ കലാശപ്പോരാട്ടമായ പ്രസിഡൻസ് ട്രോഫി വള്ളംകളി നടത്താവുന്ന വിധത്തിൽ മത്സരങ്ങൾ ക്രമീകരിക്കുമെന്ന് വള്ളംകളി ഉദ്ഘാടനം ചെയ്തുകൊണ്ട് ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് അറിയിച്ചു. കുന്നത്തൂർ എംഎൽഎ ഉല്ലാസ് കോവൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാത്തന്നൂർ എംഎൽഎ ബി ബി ഗോപകുമാർ മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ആനി ജൂലാ തോമസ്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, സിബിഎൽ ഭരണസമിതി അംഗങ്ങൾ, ജില്ലയിലെ വിവിധ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കല്ലടയിലെ ഫിനിഷിംഗ് സ്ഥാനങ്ങൾ ഇവയാണ്. അരോമ ചുണ്ടൻ-ഒന്ന് (അരോമ ബോട്ട് ക്ലബ്ബ്, പരവൂർ, കൊല്ലം), നിരണം ചുണ്ടൻ- രണ്ട് (നിരണം ബോട്ട് ക്ലബ്ബ്, നിരണം), വീയപുരം ചുണ്ടൻ- മൂന്ന് (യുബിസി കൈനകരി എഫ് സി), മേൽപ്പാടം ചുണ്ടൻ- നാല് (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്), പുണ്യാളൻ നിരണം- അഞ്ച് (കുമരകം ടൗൺ ബോട്ട് ക്ലബ്ബ്, കുമരകം),ചെറുതന ചുണ്ടൻ- ആറ് (എൻബിസി നാട്ടകം ബോട്ട് ക്ലബ്ബ്) ആർപ്പൂക്കര ചുണ്ടൻ- ഏഴ് (ഇമ്മാനുവൽ ബോട്ട് ക്ലബ്ബ്, കുമരകം), നടുഭാഗം ചുണ്ടൻ- എട്ട് (പി.ബി.സി. പുന്നമട, എൻസിഎഫ് സി ബോട്ട് ക്ലബ്ബ്), തലവടി ചുണ്ടൻ- ഒമ്പത് (വില്ലേജ് ബോട്ട് ക്ലബ്ബ്). തിരുവോണത്തിന് ശേഷം 28-ാം ഓണത്തിന് നടത്തിയ കല്ലട ജലോത്സവത്തിൽ ഇരുട്ടു കുത്തി, വെപ്പ് തുടങ്ങിയ ചെറുവള്ളങ്ങളുടെ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
ഫൈനലടക്കം ആകെ 11 മത്സരങ്ങളുള്ള ഈ സീസണിലെ മറ്റ് ലീഗ് പോരാട്ടങ്ങൾ ആലപ്പുഴ പാണ്ടനാട് (സെപ്റ്റംബർ 26), തൃശ്ശൂർ കോട്ടപ്പുറം (ഒക്ടോബർ 4), എറണാകുളം മറൈൻ ഡ്രൈവ് (ഒക്ടോബർ 10), പിറവം (ഒക്ടോബർ 17), കോട്ടയം താഴത്തങ്ങാടി (ഒക്ടോബർ 24), ആലപ്പുഴ പുളിങ്കുന്ന് (ഒക്ടോബർ 31), കൈനകരി (നവംബർ 7), കായംകുളം (നവംബർ 14) എന്നിവിടങ്ങളിലായി നടക്കും.
നവംബർ 21-ന് കൊല്ലത്ത് നടക്കുന്ന പ്രസിഡൻറ്സ് ട്രോഫി വള്ളംകളിയോടെയാണ് സിബിഎൽ ആറാം സീസണിന് സമാപനമാവുന്നത്.
ഓരോ മത്സരവേദികളിലും വിജയികളാകുന്നവരിൽ ഒന്നാം സ്ഥാനക്കാർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്. ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവർക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
.jpg)

