‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ’ നിന്നെത്തിയ താരം ഇപ്പോൾ ദൈവത്തിന്റെ തന്നെ വലിയൊരു പ്ലാനിന്റെ ഭാഗമായി മാറിയിരിക്കുന്നു ; പ്രശംസിച്ച് ആകാശ് ചോപ്ര

akashchopra

 ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യയെ സെമിയിലെത്തിച്ച സഞ്ജു സാംസണിന്റെ പ്രകടനത്തെ പ്രശംസകൊണ്ട് മൂടി മുൻ താരം ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സഞ്ജുവിനെ ആകാശ് ചോപ്ര വാനോളം പുകഴ്ത്തിയത്. സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച ടി20 ഇന്നിംഗ്‌സാണ് വിൻഡീസിനെതിരെ കണ്ടതെന്നും, ‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ’ നിന്നെത്തിയ താരം ഇപ്പോൾ ദൈവത്തിന്റെ തന്നെ വലിയൊരു പ്ലാനിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്നും ചോപ്ര അഭിപ്രായപ്പെട്ടു. ലോകകപ്പിന്റെ തുടക്കത്തിൽ സഞ്ജു ഇന്ത്യയുടെ പ്രധാന പദ്ധതികളിൽ ഉണ്ടായിരുന്നില്ലെങ്കിലും വിധി അദ്ദേഹത്തിനായി വഴിതുറക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

tRootC1469263">

മത്സരത്തിൽ 196 റൺസ് പിന്തുടരുമ്പോൾ സഞ്ജു കാണിച്ച അപാരമായ പക്വതയെ ചോപ്ര പ്രത്യേകം എടുത്തുപറഞ്ഞു. ആവശ്യമായ റൺറേറ്റ് ഒരിക്കൽ പോലും കൈവിട്ടുപോകാതെ സഞ്ജു നിയന്ത്രിച്ച രീതി ‘സർജിക്കൽ പ്രിസിഷനോട്’ (Surgical Precision) കൂടിയായിരുന്നുവെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സ്വന്തം സ്കോറിനേക്കാൾ ഉപരി ടീമിനായി ചിന്തിക്കുന്ന സഞ്ജുവിനെയാണ് ഇപ്പോൾ കാണുന്നത്. ഈഗോയില്ലാതെ മറ്റ് ബാറ്റർമാർക്ക് സ്ട്രൈക്ക് കൈമാറാനും അവസാനം വരെ ക്രീസിൽ നിന്ന് കളി ജയിപ്പിക്കാനും സഞ്ജുവിന് കഴിഞ്ഞു. പഴയ സഞ്ജുവിൽ നിന്ന് വ്യത്യസ്തനായി, വിക്കറ്റ് വലിച്ചെറിയാതെ ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യുന്ന സഞ്ജുവാണ് ഈ ലോകകപ്പിലെ ഇന്ത്യയുടെ നട്ടെല്ലെന്നും ചോപ്ര നിരീക്ഷിച്ചു.

ഇഷാൻ കിഷൻ മികച്ച ഫോമിലായിരുന്നിട്ടും ടീം ബാലൻസിനായി സഞ്ജുവിനെ ഉൾപ്പെടുത്തേണ്ടി വന്നത് ഒരു വിധിനിയോഗമാണെന്നും ആകാശ് ചോപ്ര പറഞ്ഞു. “സഞ്ജു സാംസൺ മനോഹരമായി ബാറ്റ് ചെയ്യുമ്പോൾ ജീവിതം തന്നെ സുന്ദരമായി തോന്നും” എന്ന വൈകാരികമായ വാക്കുകളോടെയാണ് അദ്ദേഹം തന്റെ വീഡിയോ അവസാനിപ്പിച്ചത്. 50 പന്തിൽ പുറത്താകാതെ 97 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവിന്റെ മികവിൽ സെമിയിലെത്തിയ ഇന്ത്യ, വ്യാഴാഴ്ച ഇംഗ്ലണ്ടിനെയാണ് നേരിടുന്നത്. ഇന്ത്യയുടെ കിരീട പ്രതീക്ഷകളിൽ ഇപ്പോൾ സഞ്ജു എന്ന മലയാളി താരം ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്.

Tags