രണ്ടാം ട്വന്റി 20 ഇന്ന് ; ബുമ്ര ടീമില്‍

google news
bumrah

ഇന്ത്യഓസ്‌ട്രേലിയ രണ്ടാം ട്വന്റി 20 ഇന്ന് നാഗ്പൂരില്‍ നടക്കും. പേസര്‍ ജസ്പ്രീത് ബുമ്ര ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും. പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. മഴ ഭീഷണിയിലാണ് മത്സരം നടക്കുക. കനത്ത മഴയായിരുന്നു ഇന്നലെ നാഗ്പൂരില്‍. ഇന്ത്യക്കും ഓസ്‌ട്രേലിയക്കും പരിശീലനത്തിന് ഇറങ്ങാന്‍ പോലുമായില്ല. ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

മൊഹാലിയിലെ ആദ്യ കളിയിലേറ്റ തോല്‍വിക്ക് ഇന്ത്യക്ക് പകരം വീട്ടേണ്ടതുണ്ട്. അതിനായി മഴ മേഘങ്ങള്‍ മാറിനില്‍ക്കെട്ടെയെന്ന് ആഗ്രഹിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. പരിക്കില്‍നിന്ന് മുക്തനായ ജസ്പ്രീത് ബുമ്ര കളിച്ചേക്കുമെന്നാണ് ഒടുവിലെ റിപ്പോര്‍ട്ടുകള്‍. ഡെത്ത് ഓവറുകളില്‍ വലിയ തോതില്‍ റണ്‍ വഴങ്ങുന്ന ഇന്ത്യക്ക് ബുമ്രയുടെ വരവ് വലിയ ആശ്വാസം നല്‍കും. പുറംവേദന അലട്ടിയിരുന്ന ബുമ്ര ജൂലൈ 14 മുതല്‍ കളിക്കളത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പരിചയ സമ്പന്നനായ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഉള്‍പ്പെടെ അമിതമായി റണ്‍ വഴങ്ങുന്നത് ഇന്ത്യക്ക് നിയന്ത്രിക്കേണ്ടതുണ്ട്. 

അതേസമയം ഇന്ത്യന്‍ ബാറ്റേഴ്‌സ് എല്ലാവരും തന്നെ ഫോമിലാണെന്നത് ആശ്വാസമാണ്. രോഹിത് ശര്‍മ്മയിലും വിരാട് കോലിയിലും നിന്ന് അല്‍പ്പം കൂടി ഉത്തരവാദിത്തത്തോടെയുള്ള ഇന്നിംഗ്‌സ് ആരാധകര്‍ പ്രതീക്ഷിക്കുന്നു. ദിനേശ് കാര്‍ത്തിക്കിന്റെ വമ്പനടികളും ഏതാനും മത്സരങ്ങളായി കാണാനില്ല. മറുവശത്ത് ആദ്യ മത്സരത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ. രാത്രി 7നാണ് മത്സരം. 

Tags