അനാഥക്കുട്ടികളുടെ സംരക്ഷണത്തിനുള്ള പദ്ധതിക്ക് 371 കോടി രൂപ സഹായം നല്‍കി യൂസഫലി
അനാഥരായ കുരുന്നുകളുടെ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും സാമൂഹിക ശാക്തീകരണവും ഉറപ്പാക്കി അവരുടെ ഭാവി സുരക്ഷിതമാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
യുഎഇയിലെ അനാഥകുട്ടികളുടെ ഉന്നമനത്തിനും സുരക്ഷക്കും പിന്തുണയേകുന്ന 'മദര്‍ ഓഫ് ദ നേഷന്‍ എന്‍ഡോവ്മെന്റ്' പദ്ധതിയിലേക്ക് 15 കോടി ദിര്‍ഹത്തിന്റെ (371 കോടി രൂപ) സഹായം കൈമാറി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രത്യേക താല്പര്യ പ്രകാരം അബുദാബി ഔഖാഫ് നടപ്പിലാക്കുന്ന പദ്ധതിയാണ് 'മദര്‍ ഓഫ് ദ നേഷന്‍ എന്‍ഡോവ്മെന്റ്'. അനാഥരായ കുരുന്നുകളുടെ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും സാമൂഹിക ശാക്തീകരണവും ഉറപ്പാക്കി അവരുടെ ഭാവി സുരക്ഷിതമാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
അബുദാബി ആസ്ഥാനമായി 52 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തനിക്ക് ഭരണാധികാരികളുടെ കാരുണ്യവഴിയിലുള്ള ഇത്തരം മഹത്തായ സംരംഭങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനും രാഷ്ട്രമാതാവ് ശൈഖാ ഫാത്തിമ ബിന്‍ത് മുബാറക്കും വിഭാവനം ചെയ്ത ജീവകാരുണ്യത്തിന്റെ പാതയാണ് ഈ പദ്ധതിയിലൂടെ പ്രതിഫലിക്കുന്നത്. അനേകം കുരുന്നുകളുടെ ജീവിതത്തില്‍ വെളിച്ചം പകരാന്‍ ഇതിലൂടെ സാധിക്കുമെന്നും യുഎഇയുടെ മാനുഷിക മൂല്യങ്ങളുടെ ഉജ്ജ്വല മാതൃകയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബുദാബി ഔഖാഫിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക നിക്ഷേപ പദ്ധതിയായാണ് ഇത് നടപ്പാക്കുന്നത്. സഹായം അര്‍ഹരായവരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ശക്തമായ നിരീക്ഷണ സംവിധാനവും ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്
.jpg)


