രക്ഷിതാവ് വിസമ്മതിച്ചാലും സ്ത്രീകൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം ; യുഎഇയിൽ വിവാഹനിയമ പരിഷ്‌കാരങ്ങൾ

The Consumer Disputes Redressal Forum asked the marriage bureau kannur to compensate the bride who was unable to find the bride within the specified time
The Consumer Disputes Redressal Forum asked the marriage bureau kannur to compensate the bride who was unable to find the bride within the specified time
യുഎഇയിൽ വിവാഹസമ്മതം, വിവാഹപ്രായം, വിവാഹമോചന നടപടിക്രമങ്ങൾ തുടങ്ങിയവയിലെ പരിഷ്കാരങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിലായി. സ്ത്രീകൾക്ക് രക്ഷിതാവ് വിസമ്മതിച്ചാലും ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം എന്നതാണ് പ്രധാനമാറ്റം. സ്വന്തംരാജ്യത്തെ നിയമത്തിൽ വിവാഹത്തിന് രക്ഷിതാവ് വേണമെന്ന് നിഷ്‌കർഷിക്കുന്നില്ലെങ്കിൽ വിദേശികളായ മുസ്‌ലിം സ്ത്രീകൾക്കും ഈ നിയമം ബാധകമാകും.
നിയമപരമായ വിവാഹപ്രായം 18 ആണ്. ഇതിനുമുകളിൽ പ്രായമുള്ള ഒരാളുടെ വിവാഹത്തിന് രക്ഷിതാവിൽനിന്ന് എതിർപ്പുണ്ടായാൽ അവർക്ക് ഒരു ജഡ്ജിയെ സമീപിക്കാം. പ്രായപൂർത്തിയായ സ്ത്രീപുരുഷൻമാർക്ക് നിയമപരമായ രക്ഷിതാവോ കസ്റ്റോഡിയനോ ഇല്ലാതെ തന്നെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യംചെയ്യാൻ നിയമം അധികാരം നൽകുന്നു.
വധൂവരന്മാർ തമ്മിലുള്ള പ്രായവ്യത്യാസം മുപ്പത് വയസ്സ് കവിയുന്നുവെങ്കിൽ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം നടത്താൻ കഴിയൂ എന്നും നിയമം അനുശാസിക്കുന്നു. വിവാഹനിശ്ചയം വിവാഹമായി കണക്കാക്കില്ല. വിവാഹനിശ്ചയസമയത്ത് നൽകിയ സമ്മാനങ്ങൾ തിരികെ വാങ്ങുന്നതിന്റെ മാനദണ്ഡങ്ങളും നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. വിവാഹം നടന്നില്ലെങ്കിൽ 25,000 ദിർഹത്തിനേക്കാൾ മൂല്യമുള്ള സമ്മാനങ്ങൾ തിരികെ നൽകണം. എന്നാൽ അപ്പോൾത്തന്നെ ഉപയോഗിച്ചുതീരുന്ന രീതിയിലുള്ള സമ്മാനമാണെങ്കിൽ ഇത് ബാധകമല്ല.
വിവാഹക്കരാറിൽ മറ്റു വ്യവസ്ഥകളില്ലെങ്കിൽ ഭാര്യ ഭർത്താവിനൊപ്പം ഒരു വീട്ടിൽ താമസിക്കണം. പരസ്പരം സമ്മതമാണെങ്കിൽ മുൻ ഭാര്യാഭർത്താക്കന്മാരിലുള്ള മക്കളെയും കൂടെ താമസിപ്പിക്കാം. കൂടാതെ കുടുംബത്തിന്റെ ക്ഷേമം മുൻനിർത്തി വിവാഹശേഷം ജോലിക്ക് പോകുന്നത് നിയമലംഘനമല്ല. മറ്റ് നിയമതടസ്സങ്ങളില്ലെങ്കിൽ 18 വയസ്സ് തികഞ്ഞവർക്ക് അവരുടെ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ സൂക്ഷിക്കാൻ അവകാശമുണ്ട്. അതേസമയം പ്രായപൂർത്തിയാകാത്തവരുടെ സ്വത്ത് ദുരുപയോഗം ചെയ്യുക, രക്ഷിതാക്കളെ സംരക്ഷിക്കാതിരിക്കുക എന്നിവയെല്ലാം കുറ്റകൃത്യമാണ്. 5000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയും തടവുമാണ് ശിക്ഷയെന്നും നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്

Tags