അനുവാദമില്ലാതെ ബന്ധുവിന്റെ മകളുടെ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; യുഎഇയില്‍ യുവതിക്ക് തടവും നാടുകടത്തലും

The mobile phone of the young man who died in the accident was stolen in the ambulance

കുടുംബസംഗമത്തിനിടെ ഭക്ഷണത്തിന്റെ പേര് തെറ്റായി ഉച്ചരിച്ച് തമാശ പറയുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് യുവതി ചിത്രീകരിക്കുകയും വീഡിയോ സ്‌നാപ്ചാറ്റില്‍ പങ്കുവെക്കുകയുമാണ് ചെയ്തത്.

കുടുംബസംഗമത്തിനിടെ മാതാപിതാക്കളുടെ സമ്മതമില്ലാതെ അഞ്ച് വയസ്സുകാരിയുടെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമമായ സ്‌നാപ്ചാറ്റ് അക്കൗണ്ടില്‍ പങ്കുവച്ച യുവതിക്ക് യുഎഇയില്‍ ഒരു മാസം തടവുശിക്ഷയും ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്താനും ഉത്തരവിട്ടു. കുടുംബസംഗമത്തിനിടെ ഭക്ഷണത്തിന്റെ പേര് തെറ്റായി ഉച്ചരിച്ച് തമാശ പറയുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് യുവതി ചിത്രീകരിക്കുകയും വീഡിയോ സ്‌നാപ്ചാറ്റില്‍ പങ്കുവെക്കുകയുമാണ് ചെയ്തത്. ദൃശ്യങ്ങള്‍ മറ്റ് സമൂഹമാധ്യമങ്ങളിലേക്കും വ്യാപിച്ചതോടെ കുട്ടി വൈറലാവുകയായിരുന്നു. മകളുടെ ദൃശ്യങ്ങള്‍ തന്റെ അനുമതിയില്ലാതെ പരസ്യമായി പങ്കുവച്ചത് ശ്രദ്ധയില്‍പ്പെട്ട പിതാവ് ഇതിനെതിരെ രംഗത്തെത്തി. കുട്ടിയുടെ സ്വകാര്യതയ്ക്കും മാനസിക സുരക്ഷയ്ക്കും ദോഷമുണ്ടാകുമെന്ന ആശങ്കയില്‍ അധികൃതര്‍ക്ക് പരാതി നല്‍കി.

അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അനുമതിയില്ലാതെ കുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈന്‍ വഴി പ്രസിദ്ധീകരിച്ചതിനും കുട്ടിയെ പരിഹാസത്തിനും മാനസികമായി ബാധിക്കാവുന്ന ബുദ്ധിമുട്ടുകളുടെയും സാഹചര്യങ്ങള്‍ക്കും വിധേയയാക്കിയതിനും യുവതിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയെടുത്തു. സൈബര്‍ കുറ്റകൃത്യങ്ങളും കിംവദന്തികളും തടയുന്നതിനുള്ള 2021ലെ ഫെഡറല്‍ ഡിക്രി നിയമം നമ്പര്‍ 34 നിയമം, വദീമ നിയമം 2016ലെ ഫെഡറല്‍ നിയമം നമ്പര്‍ 3 എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരമായിരുന്നു നടപടി. വീഡിയോ ചിത്രീകരിച്ച് പങ്കുവച്ച കാര്യം യുവതി കോടതിയില്‍ സമ്മതിച്ചെങ്കിലും കുട്ടിയെ മനഃപൂര്‍വം പരിഹസിച്ചെന്ന ആരോപണം നിഷേധിച്ചു. തന്റെ സ്‌നാപ്ചാറ്റ് അക്കൗണ്ട് പബ്ലിക്കാണെന്നും, പൊതുജനങ്ങള്‍ക്ക് കാണാവുന്നതായിരുന്നുവെന്നും വീഡിയോ മറ്റുള്ളവരിലേക്ക് വ്യാപിച്ചത് തന്റെ നിയന്ത്രണത്തിലല്ലായിരുന്നുവെന്നും യുവതി വാദിച്ചു.

എന്നാല്‍ പൊലീസ് റിപ്പോര്‍ട്ടുകളും മറ്റ് തെളിവുകളും യുവതിയുടെ കുറ്റസമ്മതവും പരിഗണിച്ച കോടതി ഈ വാദങ്ങള്‍ അംഗീകരിച്ചില്ല. കുട്ടിയുടെ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാണെന്നും അതിന് പിന്നില്‍ ദോഷകരമായ ഉദ്ദേശ്യം ഉണ്ടായിരിക്കണമെന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതോടെയാണ് ഒരു മാസം തടവും തുടര്‍ന്ന് നാടുകടത്തലും വിധിച്ചത്.
 

Tags