സൈബര്‍ കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ യുഎഇ; തടവും ലക്ഷങ്ങളുടെ പിഴയും നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
കുറ്റകൃത്യങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ ശിക്ഷയുടെ വ്യാപ്തി കൂടുതല്‍ കര്‍ശനമായിരിക്കും.
സമൂഹമാധ്യമ ഉപയോക്താക്കള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മറ്റുള്ളവരെ അപമാനിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്താല്‍ തടവുശിക്ഷയ്ക്ക് പുറമെ ഭാരിച്ച തുക പിഴയായി ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ ശിക്ഷയുടെ വ്യാപ്തി കൂടുതല്‍ കര്‍ശനമായിരിക്കും.
'നിങ്ങളുടെ ഡിജിറ്റല്‍ അവബോധത്തിലൂടെ യുഎഇ സുരക്ഷിതമാണ്' എന്ന വിശാലമായ ബോധവത്ക്കരണ കാമ്പെയ്ന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ വ്യക്തികളെ അപമാനിക്കുക, അപകീര്‍ത്തിപ്പെടുത്തുക, തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുക എന്നിവ കടുത്ത നിയമലംഘനമാണ്. ദുബായ് പൊലീസും ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്ററും ചേര്‍ന്നാണ് ഈ സൈബര്‍ സുരക്ഷാ അവബോധ കാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്.
കിംവദന്തികളും സൈബര്‍ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള നിയമപ്രകാരമാണ് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുക. കുറ്റം തെളിയിക്കപ്പെട്ടാല്‍ തടവുശിക്ഷയ്ക്ക് പുറമെ 2.5 ലക്ഷം ദിര്‍ഹം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയോ, അല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ഇത്തരം പരാമര്‍ശങ്ങളെങ്കില്‍ അതികഠിനമായ ശിക്ഷാനടപടികളാകും ഉണ്ടാകുക.
.jpg)


