'നോള്‍ ട്രാവല്‍ കാര്‍ഡ്' കൈവശമുള്ള യുഎഇ നിവാസികള്‍ക്ക് ഇനി കാര്‍ വാടക സേവനങ്ങളില്‍ 40 ശതമാനം വരെ ഇളവ് ലഭിക്കും

nol

യുഎഇയിലും വിദേശത്തും യാത്ര ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ഗതാഗത ഓപ്ഷനുകള്‍ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

'നോള്‍ ട്രാവല്‍ കാര്‍ഡ്' കൈവശമുള്ള യുഎഇനിവാസികള്‍ക്ക് ഇനി കാര്‍ വാടക സേവനങ്ങളില്‍ 40 ശതമാനം വരെ ഇളവ് ലഭിക്കും. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) യും യൂറോപ്കാറും  തമ്മിലുള്ള പുതിയ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ ആനുകൂല്യം.ഇന്നുമുതല്‍ ഒരു വര്‍ഷത്തേക്കാണ് ഓഫര്‍ പ്രാബല്യത്തില്‍ വരുന്നത്. യുഎഇയ്ക്കകത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യൂറോപ്കാര്‍ ശാഖകളിലും വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുമ്പോള്‍ 'നോള്‍ ട്രാവല്‍ കാര്‍ഡ്' ഉടമകള്‍ക്ക് ഈ ഇളവ് ലഭിക്കും. പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള പ്രായോഗിക നേട്ടങ്ങള്‍ നല്‍കുന്ന തന്ത്രപ്രധാന സഹകരണത്തിന്റെ മികച്ച മാതൃകയാണ് ഈ പങ്കാളിത്തമെന്ന് ആര്‍ടിഎ അറിയിച്ചു. യുഎഇയിലും വിദേശത്തും യാത്ര ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ഗതാഗത ഓപ്ഷനുകള്‍ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

2024 ല്‍ അവതരിപ്പിച്ച 'നോള്‍ ട്രാവല്‍ കാര്‍ഡ്' ദുബായിലെ വിവിധ ഗതാഗത സേവനങ്ങളും ആനുകൂല്യങ്ങളും ഒരുമിച്ച് ഉപയോഗിക്കാന്‍ സഹായിക്കുന്ന പ്രത്യേക കാര്‍ഡാണ്. ഈ കാര്‍ഡ് ഉപയോഗിച്ച് ദുബായ് മെട്രോ, ആര്‍ടിഎ ബസ്, ദുബായ് ട്രാം എന്നിവയുള്‍പ്പെടെയുള്ള ആര്‍ടിഎ പൊതുഗതാഗത സേവനങ്ങളിലെ നിരക്ക് അടയ്ക്കാന്‍ സാധിക്കും. കൂടാതെ പൊതു പാര്‍ക്കിംഗ് ഫീസ്, ടാക്‌സി നിരക്കുകള്‍ എന്നിവയ്ക്കും ഇത് ഉപയോഗിക്കാം. ഗതാഗത സേവനങ്ങള്‍ക്കപ്പുറം, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, വിനോദ കേന്ദ്രങ്ങള്‍, ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍, അഡ്വഞ്ചര്‍ അനുഭവങ്ങള്‍ തുടങ്ങി നൂറിലേറെ സ്ഥാപനങ്ങളിലെ പ്രത്യേക ഓഫറുകളും ഡിസ്‌കൗണ്ടുകളും കാര്‍ഡ് ഉടമകള്‍ക്ക് ലഭ്യമാണ് എന്ന സവിശേഷതകളും ഉണ്ട്.

കാര്‍ഡിനെ നോള്‍ പ്ലസ് പദ്ധതിയുമായി ബന്ധിപ്പിച്ചാല്‍ അധിക പോയിന്റുകളും മറ്റ് പ്രത്യേക ആനുകൂല്യങ്ങളും നേടാന്‍ സാധിക്കും. 100 ദിര്‍ഹം നല്‍കിയാണ് നോള്‍ ട്രാവല്‍ കാര്‍ഡ് സ്വന്തമാക്കാന്‍ കഴിയുക. പ്രത്യേകം ഡിസൈന്‍ ചെയ്ത സില്‍വര്‍ നോള്‍ കാര്‍ഡ്, 19 ദിര്‍ഹം ബാലന്‍സ്, 17,000 ദിര്‍ഹത്തിലധികം മൂല്യമുള്ള ഓഫറുകളും ഡിസ്‌കൗണ്ടുകളും ഇതുവഴി ലഭിക്കും. ഓഫറുകള്‍ ഉപയോഗിക്കാന്‍ കാര്‍ഡ് നേരിട്ട് കാണിക്കുകയോ നോള്‍ പേ മൊബൈല്‍ ആപ്പിലെ ക്യൂആര്‍  കോഡ് പ്രദര്‍ശിപ്പിക്കുകയോ ചെയ്താല്‍ മതി. പുതിയ ആര്‍ടിഎ - യൂറോപ്കാര്‍ സഹകരണത്തോടെ നോള്‍ ട്രാവല്‍ കാര്‍ഡ് ഇനി പൊതുഗതാഗതത്തിനപ്പുറം വാഹന വാടക സേവനങ്ങളിലേക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ വ്യാപിപ്പിക്കുകയാണ്.

Tags