സുരക്ഷാ മുന്നറിയിപ്പ് നീട്ടി; യുഎഇയിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം

plane

ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഗൾഫ് വ്യോമപാതയിലെ ജാഗ്രതാ നിർദേശങ്ങൾ സെപ്റ്റംബർ 30 വരെ നീട്ടിയെന്ന് യൂറോപ്യൻ വ്യോമയാന ഏജൻസി അറിയിച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി യുഎഇ വിമാനക്കമ്പനികൾ സർവീസുകളിൽ സമയമാറ്റവും ചില റദ്ദാക്കലുകളും പ്രഖ്യാപിച്ചു. പ്രമുഖ അന്താരാഷ്ട്ര എയർലൈനുകൾ ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ നിർത്തിവെക്കുന്നതും നീട്ടിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (ഇഎഎസ്എ) ഇന്നലെയാണ് ഗൾഫ് മേഖല സംബന്ധിച്ച കോൺഫ്‌ലിക്റ്റ് സോൺ ഇൻഫർമേഷൻ ബുള്ളറ്റിൽ പുതുക്കിയ ഉത്തരവ് പുറത്തിറക്കിയത്.

യുഎഇ, ബഹ്‌റൈൻ, കുവൈറ്റ്, ദേഹ, മസ്‌കറ്റ് ഫ്ലെെറ്റ് ഇൻഫർമേൻ റീജണലുകളിലുള്ള (എഫ്‌ഐആർ) വിമാന സർവീസുകൾക്കാണ് മുന്നറിപ്പ് ബാധകമായിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങളിലും അതത് വിമാനത്താവളങ്ങളിലേക്ക് ഇറങ്ങുന്നതിനും പുറപ്പെടുന്നതിനും അല്ലാതെ അറേബ്യൻ ഗൾഫ് സമുദ്ര മേഖലകൾക്ക് മുകളിലൂടെയുള്ള പറക്കലുകൾ ഒഴിവാക്കണമെന്നുമാണ് നിർദേശം. പശ്ചിമേഷ്യൻ സംഘർഷം വീണ്ടും ശക്തമായതാണ് വ്യോമപാതയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണമെന്ന് അധികൃതർ പറഞ്ഞു. വേനലവധി കഴിഞ്ഞ് യുഎഇയിലേക്ക് പ്രവാസികളും സന്ദർശകരും വൻതോതിൽ തിരിച്ചെത്തുന്ന സമയത്താണ് വീണ്ടും പുതിയ പ്രതിസന്ധികൾ ഉണ്ടാവുന്നത്.

സഹചര്യം വിലയിരുത്തി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ സർവീസുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. എയർ അറേബ്യയുടെ ഷാർജയിൽ നിന്നും കുവൈറ്റിലേക്ക് നടത്തുന്ന G9068, G9124 എന്നീ വിമാനസർവീസുകളും, ബഹ്‌റൈനിലേക്കുള്ള G9107 വിമാനസർവീസും അബുദാബിയിൽ നിന്നും കുവൈറ്റിലേക്ക് സർവീസ് നടത്തുന്ന 3L020 വിമാനവും റദ്ദാക്കിയിട്ടുണ്ട്. എമിറേറ്റ്‌സിന്റെ ദുബായിൽ നിന്നും നെയ്‌റോബിലേക്കുള്ള EK717, EK719 എന്നീ സർവീസുകളും ഗ്ലാസ്‌ഗോ, സാവോ പോളോ, ബാലി, ഗ്വാങ്ഷൂ, നെവാർക്ക് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകൾ വൈകി പുറപ്പെടുമെന്നും കമ്പനി അറിയിച്ചു. അബുദാബിയിൽ നിന്ന് കുവൈറ്റ്, ബഹ്‌റൈൻ റൂട്ടുകളിലെ ഇത്തിഹാദ് എയർവേയ്‌സ് സർവീസുകൾ ഭൂരിഭാഗവും നിലവിലെ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തും. എന്നാൽ ചില സർവീസുകൾക്ക് സമയമാറ്റമുണ്ടാകുമെന്ന് വിമാനക്കമ്പനി അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഒഫിഷ്യൽ ചാനലുകൾ സന്ദർശിച്ച് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും കമ്പനി നിർദേശിച്ചു. കൂടാതെ യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് ഫ്ലെെ ദുബായ് അറിയിച്ചു.

ദുബായിൽ നിന്ന് സർവീസ് നടത്തുന്ന മറ്റ് വിമാനക്കമ്പനികളെയും നിയന്ത്രണങ്ങൾ ബാധിച്ചിട്ടുണ്ട്. കെനിയ എയർവേയ്‌സ് നെറോബിലേക്ക് സർവിസ് നടത്തുന്ന KQ311 വിമാനവും ഫ്ലെെനാസ് ജിദ്ദ സർവീസും (XY502), ഇറാഖി എയർവേയ്‌സ് കിർക്കുക്ക് സർവീസും (IA120) റദ്ദാക്കി. എയർബ്ലൂ, സ്‌പെയ്‌സ് ജെറ്റ് തുടങ്ങിയ വിമാനങ്ങൾ വൈകിയാണ് പുറപ്പെടുന്നത്. ബ്രിട്ടീഷ് എയർവേയ്‌സിന്റെ ദുബായ്, അമ്മാൻ, ബഹ്‌റൈൻ, ടെൽ അവീവ് സർവീസുകൾ ഒക്ടോബർ 25 വരെ നിർത്തിവെച്ചു. സിംഗപ്പൂർ എയർലൈൻസിന്റെ ദുബായ് സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കി. ഫിലിപ്പൈൻ എയർലൈൻസിന്റെ ദുബായിലേക്കുള്ള വിമാനങ്ങൾ ഒക്ടോബർ 2 വരെ ഉണ്ടാകില്ല. എയർ കാനഡയുടെ ദുബായ് സർവീസുകൾ അടുത്ത വർഷം (2027) ജനുവരി പകുതി വരെ റദ്ദാക്കൽ നീട്ടിയിട്ടുണ്ട്.

ലുഫ്താൻസ, സ്വിസ് എയർ എന്നിവയുടെ ദുബായ് സർവീസുകൾ സെപ്റ്റംബർ 12 വരെയാണ് നീട്ടിയിട്ടുള്ളത്. കെഎൽഎംന്റെ ദുബായ്, റിയാദ്, ദമാം സർവീസുകൾ സെപ്റ്റംബർ 6 വരെ നീട്ടിയിട്ടുണ്ട്. ടർക്കിഷ് എയർലൈൻസിന്റെ ദുബായ്, അബുദാബി സർവീസുകൾ പുനരാരംഭിച്ചു. ഇറാനിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചിരിക്കുകയുമാണ്. യാത്ര തിരിക്കുന്നതിന് മുമ്പ് യാത്രക്കാർ തങ്ങളുടെ വിമാനക്കമ്പനികളുടെ വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Tags