യുഎഇ പതാകദിനം: യുഎഇ പ്രസിഡന്റിന്റെ പ്രത്യേക അതിഥിയായി മലയാളി വനിത ഷംജ മുജീബ്

UAE Flag Day: Malayali woman Shamja Mujeeb as special guest of UAE President

അബുദാബി: യുഎഇ പതാകദിനാഘോഷത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക അതിഥിയായി ഇടംപിടിച്ച് മലയാളി വനിത. തൃശൂർ കുന്നംകുളം അഞ്ഞൂർ സ്വദേശിനിയും അബുദാബി പോർട്സ് ഗ്രൂപ്പിന്റെ ഫുജൈറ ടെർമിനൽ ഉദ്യോഗസ്ഥയുമായ ഷംജ മുജീബാണ് ഈ അപൂർവ്വ ആദരവിന് അർഹയായത്.യുഎഇയുടെ 55-ാം വാർഷികത്തിന്റെ പ്രതീകമായി, വിവിധ മേഖലകളിൽ ധീരതയും നിസ്തുല സേവനവും തെളിയിച്ച 55 പ്രമുഖ വ്യക്തികളെയാണ് പ്രസിഡന്റിനൊപ്പം പതാക ഉയർത്താൻ തിരഞ്ഞെടുത്തത്. ഈ പട്ടികയിലാണ് ഷംജയും ഉൾപ്പെട്ടത്. അബുദാബി ഖസർ അൽ ഹുസ്നിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിനായി നൽകിയ സേവനങ്ങളും ധീരതയും മുൻനിർത്തിയാണ് ഇവർ ആദരിക്കപ്പെട്ടത്.

അബുദാബി പോർട്സ് ഗ്രൂപ്പിന്റെ ഫുജൈറ ടെർമിനലിൽ യുദ്ധകാലയളവിൽ നൽകിയ വിലമതിക്കാനാവാത്ത സേവനങ്ങളും സമാനതകളില്ലാത്ത പ്രതിബദ്ധതയുമാണ് ഷംജയെ ഈ ബഹുമതിക്ക് അർഹയാക്കിയത്. തികച്ചും അപ്രതീക്ഷിതവും ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷവുമാണിതെന്ന് ഷംജ പ്രതികരിച്ചു. യുഎഇയിലെ മാധ്യമപ്രവർത്തകൻ മുജീബ് അഞ്ഞൂരാണ് ഭർത്താവ്. ചാവക്കാട് കേളച്ചേടത്ത് പരേതനായ മുഹമ്മദിന്റെയും സുബൈദയുടെയും മകളാണ് ഷംജ. ചടങ്ങിൽ അതിഥികളിലൊരാളായ ഡോ. അബ്‌റാർ അൽ തനീജിയെ പ്രോട്ടോക്കോൾ മറികടന്ന് പ്രസിഡന്റ് പതാക ഉയർത്താൻ ഒപ്പം ചേർത്തു. അതിഥികൾക്ക് ഓരോരുത്തർക്കും ഹസ്തദാനം നൽകി അഭിനന്ദിച്ച ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അവർക്കൊപ്പം ചിത്രങ്ങളെടുക്കാനും സമയം കണ്ടെത്തി.

Tags