ഇന്ത്യക്കാര്‍ക്ക് സൗദി യാത്ര ഇനി കൂടുതല്‍ എളുപ്പം; വിമാന ടിക്കറ്റ്, താമസം, വിസ എല്ലാം ഒരൊറ്റ പാക്കേജില്‍

Saudi

വരും ഘട്ടങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

വിദേശികളായ സഞ്ചാരികള്‍ക്ക് സൗദി അറേബ്യയിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കുന്നതിനായി പ്രഖ്യാപിച്ച പുതിയ പാക്കേജ് വിസ പദ്ധതി ആദ്യ ഘട്ടത്തില്‍ ലഭ്യമാകുക ഏഴ് രാജ്യങ്ങളില്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഇനി സൗദി അറേബ്യയിലേക്കെത്തുമ്പോള്‍ വിമാന ടിക്കറ്റും ഹോട്ടല്‍ താമസവും ഉള്‍പ്പെടുന്ന യാത്രാ പാക്കേജ് ഒരുമിച്ച് ബുക്ക് ചെയ്യാം. ഇതിനൊപ്പം തന്നെ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയും ലഭിക്കും.

ആദ്യ ഘട്ടത്തില്‍ ഇന്ത്യക്ക് പുറമെ ഈജിപ്ത്, ജോര്‍ദാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വരും ഘട്ടങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഈ പുതിയ സംവിധാനം വഴി വിസയ്ക്കായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കുകയോ സൗദി എംബസി സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതില്ലെന്നതാണ് മറ്റൊരു പ്രത്യേകത. യാത്രക്കാര്‍ക്ക് അവരുടെ റിട്ടേണ്‍ ഫ്‌ലൈറ്റ് ടിക്കറ്റും മന്ത്രാലയം അംഗീകരിച്ച ഹോട്ടല്‍ താമസവും വിസയും ഒരൊറ്റ ബുക്കിങ്ങിലൂടെ പൂര്‍ത്തിയാക്കാം. നിലവില്‍ 'റിസെര്‍വല്‍', 'അല്‍മൊസാഫര്‍' എന്നീ രണ്ട് ട്രാവല്‍ ഏജന്‍സികള്‍ക്കാണ് ഈ പാക്കേജ് നല്‍കാന്‍ അനുമതിയുള്ളത്. പാക്കേജ് വാങ്ങി 48 മണിക്കൂറിനുള്ളില്‍ ഇ-വിസ അനുവദിക്കും. വിസ, ഇന്‍ഷുറന്‍സ് തുടങ്ങിയ യാത്രാ രേഖകള്‍ ബുക്കിങ് പൂര്‍ത്തിയാകുന്നതോടെ ഇമെയില്‍ വഴി ലഭിക്കുന്നതാണ്.

Tags