തിരക്കേറിയ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് കൂടും; യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാന്‍ ഇത്തിഹാദ് റെയില്‍
കഴിഞ്ഞ ആഴ്ചയിലെ വാരാന്ത്യങ്ങളിലെ തിരക്ക് കൂടുതലുള്ള സമയത്ത് ടിക്കറ്റ് നിരക്കില്‍ 40 ദിര്‍ഹം വരെ വര്‍ധനവ് ഉണ്ടായതായി റെയില്‍വേ അതോറിറ്റി വ്യക്തമാക്കി.
യുഎഇ ദേശീയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസായ ഇത്തിഹാദ് റെയിലില്‍ തിരക്കേറിയ സമയങ്ങളിലും വാരാന്ത്യങ്ങളിലും ടിക്കറ്റ് നിരക്ക് ഉയരുമെന്ന് സ്ഥിരീകരിച്ച് അധികൃതര്‍. യാത്രക്കാരുടെ ആവശ്യകതയും തിരക്കും അടിസ്ഥാനമാക്കി നിരക്കുകള്‍ നിശ്ചയിക്കുന്ന 'ഫ്‌ലെക്‌സിബിള്‍ പ്രൈസിംഗ് സിസ്റ്റം' ആണ് നടപ്പിലാക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ വാരാന്ത്യങ്ങളിലെ തിരക്ക് കൂടുതലുള്ള സമയത്ത് ടിക്കറ്റ് നിരക്കില്‍ 40 ദിര്‍ഹം വരെ വര്‍ധനവ് ഉണ്ടായതായി റെയില്‍വേ അതോറിറ്റി വ്യക്തമാക്കി.
അതത് സമയങ്ങളിലെ ഡിമാന്‍ഡ് അനുസരിച്ച് കംഫര്‍ട്ട്, പ്രീമിയം ക്ലാസുകളിലെ സീറ്റ് നിരക്കുകള്‍ മാറുന്ന രീതിയിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ദുബായ്ക്കും അബുദാബിക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ വാരാന്ത്യങ്ങളില്‍ ഇത്തരത്തില്‍ നിരക്ക് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, സാധാരണ സമയങ്ങളില്‍ 109 ദിര്‍ഹമുള്ള പ്രീമിയം ക്ലാസ് ടിക്കറ്റിന് തിരക്കേറിയ വൈകുന്നേരങ്ങളില്‍ 149 ദിര്‍ഹം വരെയാണ് നിരക്ക്. കംഫര്‍ട്ട് ക്ലാസ് ടിക്കറ്റുകള്‍ 59 ദിര്‍ഹത്തിലും ലഭ്യമാണ്. മറ്റ് സര്‍വീസുകളിലെ നിരക്കുകള്‍ 49 ദിര്‍ഹം മുതല്‍ 149 ദിര്‍ഹം വരെ വ്യത്യാസപ്പെടുന്നുണ്ട്.
ട്രെയിനുകളിലെ അമിത തിരക്ക് നിയന്ത്രിക്കാനും യാത്രക്കാരെ മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ക്രമീകരണമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വാരാന്ത്യത്തില്‍ അനുഭവപ്പെട്ട വന്‍ തിരക്ക് പരിഹരിക്കുന്നതിനായി ആറ് അധിക ട്രെയിന്‍ സര്‍വീസുകള്‍ കൂടി ഇത്തിഹാദ് റെയില്‍ ആരംഭിച്ചിരുന്നു.
.jpg)


