സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി നിര്യാതനായി

Zakir

റിയാദ്: സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യയായ അബഹയ്ക്ക് സമീപം സബ്ത്തുൽ ആലായിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി നിര്യാതനായി. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സക്കീർ (51) ആണ് മരിച്ചത്. സബ്ത്തുൽ ആലായിൽ ഒരു ലോൺട്രി (തുണി അലക്ക് സ്ഥാപനം) നടത്തി വരികയായിരുന്നു ഇദ്ദേഹം. നാല് മാസം മുൻപാണ് സക്കീർ നാട്ടിൽ പോയി തിരിച്ചെത്തിയത്.

നിലവിൽ സബ്ത്തുൽ ആലാ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭാര്യയും രണ്ട് പെൺകുട്ടികളും ഒരു മകനും അടങ്ങുന്നതാണ് കുടുംബം. മരണവിവരമറിഞ്ഞ് ഖമീസ് മുശൈത്തിലുള്ള സഹോദരൻ സബ്ത്തുൽ ആലായിൽ എത്തിയിട്ടുണ്ട്. തുടർനടപടികൾ പൂർത്തിയാക്കി വരുന്നു.

Tags