സൗദി-യുഎസ് ആണവ കരാര്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്; ട്രംപിന്റെ അനുമതിക്കായി കാത്ത് സൗദി
കരാറില്‍ ഒപ്പുവെക്കാത്തതിനാല്‍ ഇത് ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നിട്ടില്ല.
സൗദി അറേബ്യയുടെ ആണവോര്‍ജ്ജ പദ്ധതിയുടെ ഭാഗമായി രാജ്യത്തിനകത്തുതന്നെ യുറേനിയം സമ്പുഷ്ടീകരിക്കാന്‍ അനുമതി നല്‍കുന്ന കരാര്‍ അമേരിക്ക തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്‍ ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ട്രംപ് ഭരണകൂടം ഇതുവരെ കരാറില്‍ ഒപ്പുവെക്കാത്തതിനാല്‍ ഇത് ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നിട്ടില്ല. സൗദിയുടെ ആണവ പദ്ധതിക്ക് അമേരിക്കയുടെ പിന്തുണ ഉറപ്പാക്കുന്ന ഈ കരാറിന്റെ കരട് രൂപം 2025 ഒക്ടോബറിലാണ് അന്തിമമാക്കിയത്. ട്രംപിന്റെ അംഗീകാരം വൈകുന്നതാണ് കരാര്‍ നിലവലില്‍ വരുന്നതിനുള്ള ഏക തടസ്സം.
ഇറാനുമായുള്ള സമീപകാല സംഘര്‍ഷങ്ങളും യുഎസ് കോണ്‍ഗ്രസ് (പാര്‍ലമെന്റ്) ഈ കരാര്‍ തടഞ്ഞേക്കുമെന്ന ആശങ്കയുമാണ് കരാര്‍ വൈകാന്‍ പ്രധാന കാരണമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ അണുബോംബ് നിര്‍മ്മിച്ചാല്‍ സൗദി അറേബ്യയും സ്വന്തമായി ആണവായുധം നിര്‍മ്മിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ സൗദിക്ക് യുറേനിയം സമ്പുഷ്ടീകരണത്തിന് അനുമതി നല്‍കുന്നത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
.jpg)

