സൈബര്‍ തട്ടിപ്പിലൂടെ തട്ടിയെടുത്ത വന്‍ തുക വിദേശത്തേക്ക് കടത്താനുള്ള ശ്രമം തടഞ്ഞ് റോയല്‍ ഒമാന്‍ പൊലീസ്

fraud

ഏഷ്യന്‍ വംശജരായ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

സൈബര്‍ തട്ടിപ്പിലൂടെ തട്ടിയെടുത്ത വന്‍ തുക വിദേശത്തേക്ക് കടത്താനുള്ള ശ്രമം തടഞ്ഞ് റോയല്‍ ഒമാന്‍ പൊലീസ്. രണ്ടര ദശലക്ഷം ഒമാനി റിയാല്‍ (6.2 കോടിയിലേറെ രൂപ) കൈമാറാനുള്ള നീക്കമാണ് പൊലീസ് പരാജയപ്പെടുത്തിയത്.


സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യന്‍ വംശജരായ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കമ്പനിയുടെ ഇമെയില്‍ വിലാസത്തിന് സമാനമായ വ്യാജ ഇ മെയില്‍ നിര്‍മിച്ച് ആ കമ്പനിയുമായി ഇടപാടുകള്‍ നടത്തുന്ന മറ്റൊരു സ്ഥാപനത്തെ തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ പണം തട്ടിയത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മാറിയെന്ന് വിശ്വസിപ്പിച്ച് തുക തങ്ങളുടെ അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നു.
പണം തട്ടിയെടുത്ത ഉടന്‍ തന്നെ അതു രാജ്യത്തിന് പുറത്തേക്ക് അയക്കാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും വിവരം അറിഞ്ഞ ഉടന്‍ തന്നെ റോയല്‍ പൊലീസ് പണമിടപാട് തടയുകയായിരുന്നു. പ്രതികള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് പൊലീസ് അറിയിച്ചു.
 

Tags