നാലാമത് റിയാദ് സീസണ്‍ ഒക്ടോബര്‍ 28 ശനിയാഴ്ച മുതല്‍

നാലാമത് റിയാദ് സീസണ്‍ പരിപാടിയുടെ തീയതികള്‍ സൗദി അറേബ്യയുടെ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജിഇഎ) പ്രഖ്യാപിച്ചു. ഒക്ടോബര്‍ 28 ശനിയാഴ്ചയാണ് റിയാദ് സീസണിന്റെ നാലാം പതിപ്പിന് തുടക്കമാവുകെയന്ന് ജിഇഎ ചെയര്‍മാന്‍ തുര്‍ക്കി അലല്‍ഷിഖ് അറിയിച്ചു.
'ബിഗ് ടൈം' എന്നതാണ് മേളയുടെ മുദ്രാവാക്യം. ഈ വര്‍ഷത്തെ റിയാദ് സീസണിന്റെ പ്രൊമോഷണല്‍ വീഡിയോ ചെയര്‍മാന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ (പഴയ ട്വിറ്റര്‍) പോസ്റ്റ് ചെയ്യുകയും ചെയ്തു. സന്ദര്‍ശകര്‍ക്ക് ഒരുക്കിയ സ്‌പോര്‍ട്‌സ്, സംഗീതം, ഗെയിമിങ്, ഫിലിം എന്റര്‍ടൈന്‍മെന്റ് അനുഭവങ്ങളെ കുറിച്ചും പങ്കുവച്ചിട്ടുണ്ട്.
ഏഴ് ദശലക്ഷം ചതുരശ്ര മീറ്ററിലാണ് നഗരി ഒരുങ്ങുന്നത്. ഏകദേശം 2,000 പ്രാദേശിക, അന്തര്‍ദേശീയ കമ്പനികളുടെ സാന്നിധ്യമുണ്ടാവും. ഉല്‍പന്നങ്ങളും സേവനങ്ങളും ജനങ്ങളിലെത്തിക്കാനും വില്‍ക്കാനും അവസരമുണ്ടാവും. രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും റിയാദ് സീസണ്‍ 2023 ലക്ഷ്യമിടുന്നു.