യുഎഇയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടത് ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കുന്നതില്‍ ലാന്‍ഡറിന് സംഭവിച്ച പിഴവ് മൂലം

യുഎഇയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടത് ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കുന്നതില്‍ ലാന്‍ഡറിന് സംഭവിച്ച പിഴവ് മൂലമാണെന്ന് കണ്ടെത്തല്‍. റാഷിദ് റോവറിനെയും വഹിച്ചു കൊണ്ടുള്ള ഹകുട്ടോ ആര്‍ ലാന്‍ഡറിന് ചന്ദ്രോപരിതലത്തിന് അഞ്ച് കിലോമീറ്റര്‍ മുകളില്‍ വച്ച് നിയന്ത്രണം നഷ്ടമായതായി നിര്‍മാതാക്കളായ ഐ സ്‌പേസ് അറിയിച്ചു. യുഎഇയുടെ റാഷിദ് റോവറിനെയും വഹിച്ചുകൊണ്ടുള്ള ഹകുട്ടോ ആര്‍ എം വണ്‍ ലാന്‍ഡര്‍ ഏപ്രില്‍ 26നാണ് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്.
ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കുന്നതില്‍ ലാന്‍ഡറിന് പിഴവ് സംഭവിച്ചതാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ലാന്‍ഡറിലെ സ്വയം നിര്‍ണയ സംവിധാനം ചന്ദ്രനിലേക്കുള്ള ദൂരം പൂജ്യം മീറ്ററെന്ന് കണക്കാക്കിയ സമയത്ത് പേടകം ചന്ദ്രന് അഞ്ച് കിലോമീറ്റര്‍ ഉയരത്തിലായിരുന്നുവെന്ന് പരിശോധനകളില്‍ വ്യക്തമായി. ഇതിന് ശേഷവും ലാന്‍ഡര്‍ നിയന്ത്രിത വേഗത്തില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിന് ശ്രമിച്ചെങ്കിലും ഇന്ധനം തീര്‍ന്നത് തിരിച്ചടിയായി. ഇന്ധനം തീര്‍ന്നതോടെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്നും നിര്‍മാതാക്കളായ ജാപ്പനീസ് കമ്പനി ഐ സ്‌പേസ് അറിയിച്ചു.