ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ചെലവ് തൊഴിലുടമ തന്നെ വഹിക്കണം; നിയമവുമായി യുഎഇ

uae

വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതും പുതുക്കുന്നതും ഇന്‍ഷുറന്‍സ് പരിശോധനയുമായി ഡിജിറ്റലായി ബന്ധിപ്പിച്ചിട്ടുണ്ട്.

യുഎഇയില്‍ തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വ്യക്തത വരുത്തി മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി. ഇന്‍ഷുറന്‍സിന്റെ മുഴുവന്‍ ചെലവും തൊഴിലുടമ തന്നെ വഹിക്കണമെന്നും ജീവനക്കാരില്‍ നിന്ന് തുക ഈടാക്കാന്‍ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതും പുതുക്കുന്നതും ഇന്‍ഷുറന്‍സ് പരിശോധനയുമായി ഡിജിറ്റലായി ബന്ധിപ്പിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളും നടപടിക്രമങ്ങളും കൂടുതല്‍ വ്യക്തമാക്കിക്കൊണ്ടാണ് മാനവവിഭവശേഷി മന്ത്രാലയം പുതിയ മാര്‍ഗരേഖ പ്രസിദ്ധീകരിച്ചത്. രാജ്യത്തെ തൊഴില്‍ നിയമങ്ങളുടെ സുതാര്യത ഉറപ്പാക്കാനും ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമാണ് ഈ നടപടി. ഡിജിറ്റല്‍ സംവിധാനം വഴിയുള്ള പരിശോധനകളില്‍ വീഴ്ച കണ്ടാല്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതോ നിലവിലുള്ളത് പുതുക്കുന്നതോ മന്ത്രാലയം തടയും. ഇന്‍ഷുറന്‍സ് പോളിസിയുടെ സാധുത സ്വയം പരിശോധിക്കുന്ന ഓട്ടോമേറ്റഡ് സംവിധാനം വഴിയാണ് അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നത്.

സ്വകാര്യ മേഖലയിലെ എല്ലാത്തരം ജീവനക്കാര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഒരുപോലെ ഈ സുരക്ഷാ ചട്ടങ്ങള്‍ ബാധകമാണ്. ഇന്‍ഷുറന്‍സ് എടുക്കുന്നതിനും അത് പുതുക്കുന്നതിനുമുള്ള മുഴുവന്‍ ചെലവുകളും സ്ഥാപന ഉടമയോ തൊഴിലുടമയോ തന്നെ വഹിക്കണം. തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്ന് ഇതിനായി തുക ഈടാക്കാനോ പിടിച്ചെടുക്കാനോ പാടില്ല. വര്‍ക്ക് പെര്‍മിറ്റിന്റെ മുഴുവന്‍ കാലയളവിലും ഇന്‍ഷുറന്‍സ് പരിരക്ഷ തടസ്സമില്ലാതെ ലഭ്യമാകണം. തൊഴില്‍ കാലയളവിനിടയില്‍ ഇടയ്ക്കുവെച്ച് പെട്ടെന്ന് പോളിസികള്‍ റദ്ദാക്കാന്‍ തൊഴിലുടമയ്ക്ക് അനുവാദമുണ്ടാകില്ല.

Tags