മക്കളെ വിട്ടുനല്‍കിയില്ല; മുന്‍ഭര്‍ത്താവ് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് അബുദാബി കോടതി

court

മക്കളുടെ കസ്റ്റഡി തനിക്ക് അനുവദിച്ചുകൊണ്ടുള്ള അന്തിമ കോടതി ഉത്തരവുണ്ടായിട്ടും അവരെ കൈമാറാന്‍ ഭര്‍ത്താവ് തയ്യാറായില്ലെന്നാണ് പരാതി

കുട്ടികളുടെ കസ്റ്റഡി അവകാശം സംബന്ധിച്ച് അന്തിമ കോടതി വിധിയുണ്ടായിട്ടും രണ്ട് മക്കളെയും അമ്മയ്ക്ക് വിട്ടുനല്‍കാന്‍ വിസമ്മതിച്ച മുന്‍ ഭര്‍ത്താവ് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്. മക്കളില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ടതിനെ തുടര്‍ന്ന് അമ്മ അനുഭവിച്ച മാനസിക പ്രയാസങ്ങള്‍ക്കുള്ള നഷ്ടപരിഹാരമായാണ് തുക നല്‍കേണ്ടത്. മുന്‍ ഭര്‍ത്താവിനെതിരെ യുവതി 45,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അല്‍ ഐന്‍ സിവില്‍, കൊമേഴ്സ്യല്‍, അഡ്മിനിസ്‌ട്രേറ്റീവ് കോടതിയെ സമീപിക്കുകയായിരുന്നു.

മക്കളുടെ കസ്റ്റഡി തനിക്ക് അനുവദിച്ചുകൊണ്ടുള്ള അന്തിമ കോടതി ഉത്തരവുണ്ടായിട്ടും അവരെ കൈമാറാന്‍ ഭര്‍ത്താവ് തയ്യാറായില്ലെന്നാണ് പരാതി. വിധി നടപ്പാക്കുന്നതിനായി നിയമനടപടികള്‍ സ്വീകരിച്ചിട്ടും ഇയാള്‍ നിലപാട് മാറ്റിയില്ല. സംഭവത്തില്‍ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസില്‍ കുറ്റം തെളിയുകയും ഒരു മാസത്തെ തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് കോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.


നിയമനടപടികള്‍ക്കും ബന്ധപ്പെട്ട അധികൃതരെ സന്ദര്‍ശിക്കുന്നതിനുമായി ചെലവായ തുകയും മാനസിക പ്രയാസങ്ങള്‍ക്കുള്ള നഷ്ടപരിഹാരവും യുവതി ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടികളെ പിന്നീട് അമ്മയ്ക്ക് കൈമാറിയെന്നും അവര്‍ അമ്മയോടൊപ്പം പോകാന്‍ വിസമ്മതിച്ചതിനാലാണ് കാലതാമസമുണ്ടായതെന്നും മുന്‍ ഭര്‍ത്താവ് വാദിച്ചു. കോടതി വിധിയില്‍ കുട്ടികളെ വിട്ടുനല്‍കാന്‍ വിസമ്മതിച്ച കുറ്റം തെളിഞ്ഞതിനാല്‍ തന്റെ ഉത്തരവാദിത്തം നിഷേധിക്കാനാവില്ലെന്ന് സിവില്‍ കോടതി നിരീക്ഷിച്ചു. കസ്റ്റഡി അവകാശം നിഷേധിക്കപ്പെട്ട കാലയളവില്‍ യുവതിക്ക് മാനസിക പ്രയാസങ്ങള്‍ ഉണ്ടായതായി കോടതി കണ്ടെത്തി.

അതേസമയം മുന്‍ ഭര്‍ത്താവിന്റെ നടപടികള്‍ മൂലം കൃത്യമായ സാമ്പത്തിക നഷ്ടമുണ്ടായെന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സാമ്പത്തിക നഷ്ടപരിഹാരത്തിനുള്ള ആവശ്യം കോടതി തള്ളുകയും ചെയ്തു. മാനസിക വിഷമത്തിനുള്ള 10,000 ദിര്‍ഹത്തിന് പുറമെ കോടതി ഫീസും ചെലവുകളും മുന്‍ ഭര്‍ത്താവ് നല്‍കണമെന്നും ഉത്തരവിട്ടു.

Tags