ഒമാനി തൊഴിലാളികളെ പേരിന് മാത്രം നിയമിച്ച ശേഷം പിരിച്ചുവിടല്‍ ; സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

oman

വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളില്‍ നിന്ന് 500 റിയാല്‍ പിഴയീടാക്കും.

ഒമാനൈസേഷന്‍ ആനുകൂല്യങ്ങള്‍ നേടാനായി ഒമാനി തൊഴിലാളികളെ പേരിന് മാത്രം നിയമിക്കുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി ഒമാന്‍ തൊഴില്‍ മന്ത്രാലയം. വ്യാജ ഒമാനൈസേഷന്‍ തടയുന്നതിന്റെ ഭാഗമായി ഒരു ഒമാനി തൊഴിലാളി സ്ഥാപനം വിട്ടുപോയാല്‍ 40 ദിവസത്തിനകം പകരം ആളെ നിയമിക്കണം. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളില്‍ നിന്ന് 500 റിയാല്‍ പിഴയീടാക്കും.


സ്വദേശിവത്കരണ നിരക്ക് ഉയര്‍ന്നതായി കാണിച്ച് തൊഴില്‍ ഫീസിലെ ഇളവുകള്‍ നേടുകയും പിന്നീട് യഥാര്‍ത്ഥ ചുമതലകള്‍ നല്‍കാതെ പിരിച്ചുവിടുകയും ചെയ്യുന്ന പ്രവണത തടയുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. വിപണിയിലെ അഞ്ചു മുതല്‍ പത്തുശതമാനം വരെ സ്ഥാപനങ്ങള്‍ ഇത്തരം രീതി പിന്തുടരുന്നതായാണ് വിലയിരുത്തല്‍.


അവധി ദിവസങ്ങള്‍ കഴിഞ്ഞ് 40 ദിവസത്തിനകം ഒഴിവ് നികത്താതിരുന്നാല്‍ 45ാം ദിവസം സ്ഥാപനത്തിന് ഔദ്യോഗിക മുന്നറിയിപ്പ് നല്‍കും. തുടര്‍ന്ന് ലഭിക്കുന്ന 15 ദിവസത്തെ സമയം കൂടി ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ 500 റിയാല്‍ പിഴ ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
 

Tags