സൗദിയില്‍ പെര്‍മിറ്റില്ലാതെ സ്വകാര്യ കാറുകളില്‍ ടാക്‌സി സര്‍വിസ്; ഇന്ത്യന്‍ പ്രവാസിയടക്കം മൂന്ന് പേര്‍ക്ക് 35,000 റിയാല്‍ പിഴയും നാടുകടത്തലും
പിടിയിലായ മൂന്നു പേര്‍ക്കുമായി ആകെ 35,000 റിയാല്‍ പിഴ ചുമത്തുകയും നാടുകടത്താന്‍ ഉത്തരവിടുകയും ചെയ്തതായി അതോറിറ്റി അറിയിച്ചു.
ടാക്‌സി പെര്‍മിറ്റില്ലാതെ സ്വന്തം സ്വകാര്യ കാറുകളില്‍ യാത്രക്കാരെ കയറ്റിയ മൂന്ന് വിദേശികള്‍ക്കെതിരെ സൗദി പൊതുഗതാഗത അതോറിറ്റി കര്‍ശന നടപടി സ്വീകരിച്ചു. പിടിയിലായ മൂന്നു പേര്‍ക്കുമായി ആകെ 35,000 റിയാല്‍ പിഴ ചുമത്തുകയും നാടുകടത്താന്‍ ഉത്തരവിടുകയും ചെയ്തതായി അതോറിറ്റി അറിയിച്ചു.
നിയമവിരുദ്ധമായി കാറില്‍ യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തിയ ഒരു ഈജിപ്ഷ്യന്‍ പൗരനും ഒരു ഇന്ത്യന്‍ പൗരനുമാണ് നടപടി നേരിട്ടതില്‍ രണ്ടുപേര്‍. ഇവര്‍ക്ക് 12,000 റിയാല്‍ വീതം പിഴയും നാടുകടത്തല്‍ ശിക്ഷയുമാണ് വിധിച്ചത്. സ്വകാര്യ കാറില്‍ യാത്രക്കാരെ കയറ്റാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് മൂന്നാമനായ ചാഡ് സ്വദേശി പിടിയിലായത്. ഇയാള്‍ക്ക് 11,000 റിയാല്‍ പിഴയും രാജ്യത്തുനിന്നുള്ള നാടുകടത്തലുമാണ് ശിക്ഷ.
ടാക്‌സി പെര്‍മിറ്റില്ലാതെ ഇത്തരം ഗതാഗത സര്‍വീസുകള്‍ നടത്തുന്നത് റോഡ് ഗതാഗത നിയമപ്രകാരം വന്‍ നിയമലംഘനമാണെന്ന് പൊതുഗതാഗത അതോറിറ്റി ചൂണ്ടിക്കാട്ടി. ഇത്തരം അനധികൃത സര്‍വീസുകള്‍ പൂര്‍ണമായി തടയാനും, ഗതാഗത മേഖലയില്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, യാത്രക്കാരുടെ സുരക്ഷയും സേവനങ്ങളുടെ ഗുണനിലവാരവും സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടര്‍ന്നും ശക്തമായി മുന്നോട്ട് കൊണ്ടുപോകും.
.jpg)

