ദുബായില്‍ ആറുവയസ്സുകാരിയെ കാണാതായി; 30 മിനിറ്റിനുള്ളില്‍ കണ്ടെത്തി മാതാപിതാക്കളെ ഏല്‍പ്പിച്ച് പൊലീസ്
കുട്ടികളെ കാണാതായാല്‍ പരിഭ്രാന്തരാകാതെ പൊലീസുകാരെയോ സെക്യൂരിറ്റി ജീവനക്കാരെയോ കണ്ട് സഹായം ചോദിക്കാന്‍ കുട്ടികളെ പഠിപ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ദുബായിലെ ഫ്രീജ് അല്‍ മുറാര്‍ പ്രദേശത്ത് കാണാതായ ആറുവയസ്സുകാരിയെ വെറും അരമണിക്കൂറിനുള്ളില്‍ സുരക്ഷിതമായി കണ്ടെത്തി കുടുംബത്തിന് കൈമാറി ദുബായ് പൊലീസ്. കുട്ടിയെ കാണാതായ വിവരം പൊലീസിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ ലഭിച്ചയുടന്‍ നായിഫ് പൊലീസ് സ്റ്റേഷന്‍ എമര്‍ജന്‍സി സംഘം തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.
കുട്ടിയുടെ ചിത്രം പ്രദേശത്തെ പൊലീസിന്റെ പട്രോളിംഗ് സംഘങ്ങള്‍ക്കും അന്വേഷണ സംഘങ്ങള്‍ക്കും കൈമാറി. തുടര്‍ന്ന് നടത്തിയ ഊര്‍ജ്ജിത തെരച്ചിലില്‍ നായിഫ് പൊലീസ് സ്റ്റേഷന്‍ പട്രോള്‍ സംഘം വീടിനടുത്തുള്ള തെരുവില്‍ നിന്ന് ഭയന്ന് കരയുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു. പൊലീസ് കുട്ടിയെ സുരക്ഷിതമായി സ്റ്റേഷനിലെത്തിക്കുകയും പൊലീസിലെ വിക്ടിം കമ്മ്യൂണിക്കേഷന്‍ സെക്ഷന്‍ ആവശ്യമായ പരിചരണവും സമാധാനവും നല്‍കുകയും ചെയ്ത ശേഷം പിതാവിനെ വിവരമറിയിച്ച് കൈമാറി.
തിരക്കേറിയ പൊതുസ്ഥലങ്ങളിലും വ്യാപാരകേന്ദ്രങ്ങളിലും കൊച്ചുകുട്ടികളെ ശ്രദ്ധയില്ലാതെ വിടരുതെന്നും മാതാപിതാക്കള്‍ എപ്പോഴും കുട്ടികളുടെ മേല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ദുബായ് പൊലീസ് നിര്‍ദ്ദേശിച്ചു. കുട്ടികളെ കാണാതായാല്‍ പരിഭ്രാന്തരാകാതെ പൊലീസുകാരെയോ സെക്യൂരിറ്റി ജീവനക്കാരെയോ കണ്ട് സഹായം ചോദിക്കാന്‍ കുട്ടികളെ പഠിപ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
.jpg)

