ആറ് ജിസിസി രാജ്യങ്ങളും ഒന്നിക്കുന്നു; സംയുക്ത റെയില്‍വേ പദ്ധതി 56% പൂര്‍ത്തിയായി, സര്‍വീസ് 2030 ഡിസംബറില്‍
പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കാന്‍ ആറ് ജിസിസി രാജ്യങ്ങളും ബഹ്റൈനില്‍ പൊതുധാരണാ കരാറില്‍ ഒപ്പുവച്ചു.
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിയുടെ 56 ശതമാനത്തോളം നിര്‍മാണം പൂര്‍ത്തിയായതായി ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി അറിയിച്ചു. 2030 ഡിസംബറോടെ സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. യുഎഇ ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങളിലൂടെ കടന്നുപോകുന്ന 2,117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍വേ ശൃംഖല യാത്രക്കാര്‍ക്കും ചരക്കുനീക്കത്തിനും പ്രയോജനപ്പെടുന്ന രീതിയിലാണ് ഒരുങ്ങുന്നത്
പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കാന്‍ ആറ് ജിസിസി രാജ്യങ്ങളും ബഹ്റൈനില്‍ പൊതുധാരണാ കരാറില്‍ ഒപ്പുവച്ചു. നവംബര്‍ എട്ടിന് റിഫ അല്‍ സഹീര്‍ പാലസില്‍ നടന്ന ചടങ്ങിലായിരുന്നു കരാര്‍. അംഗരാജ്യങ്ങളിലെ ദേശീയ റെയില്‍വേ ശൃംഖലകളെ ഏകീകൃതവും പരസ്പരം ബന്ധിപ്പിക്കാവുന്നതുമായ പ്രാദേശിക ശൃംഖലയാക്കി മാറ്റുകയാണ് ലക്ഷ്യം. നിര്‍മാണം, പ്രവര്‍ത്തനം എന്നിവ ഏകോപിപ്പിക്കുന്നതിനുള്ള പൊതുചട്ടക്കൂടും കരാര്‍ ഉറപ്പാക്കും
കുവൈത്തില്‍നിന്ന് ആരംഭിക്കുന്ന റെയില്‍വേ പാത സൗദി അറേബ്യയിലെ ദമ്മാമിലെത്തും. അവിടെനിന്ന് ബഹ്റൈനും ഖത്തറിലേക്കും നീളും. തുടര്‍ന്ന് സൗദിയില്‍നിന്ന് യുഎഇയിലേക്ക് പ്രവേശിക്കുന്ന പാത അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളിലൂടെ കടന്നുപോകും. പിന്നീട് ഒമാനിലെ സോഹാര്‍ വഴി മസ്‌കറ്റിലെത്തും. യാത്രാ ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാനാകും. ചരക്ക് ട്രെയിനുകള്‍ മണിക്കൂറില്‍ 80 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും സര്‍വീസ് നടത്തുക. 2045 ആകുമ്പോഴേക്കും എട്ട് മില്യണിലധികം യാത്രക്കാരെയും 95 മില്യണ്‍ ടണ്‍ ചരക്കുകളും കൈകാര്യം ചെയ്യാന്‍ റെയില്‍വേ ശൃംഖലയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
.jpg)

