കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷാമം രൂക്ഷം

domestic workers
domestic workers

2023 മധ്യത്തില്‍ കുവൈറ്റിലെ മൊത്തം ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഏകദേശം 811,307 ആയിരുന്നു.

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായതായി റിപ്പോര്‍ട്ട്. രാജ്യത്തെ വീട്ടുജോലിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ (പിഎസിഐ) ഏറ്റവും പുതിയ ഡാറ്റ പ്രകാരം കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 30,377 ഗാര്‍ഹിക തൊഴിലാളികളാണ് രാജ്യത്ത് കുറഞ്ഞത്.

2023 മധ്യത്തില്‍ കുവൈറ്റിലെ മൊത്തം ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഏകദേശം 811,307 ആയിരുന്നു. എന്നാല്‍ 2024 ഡിസംബര്‍ അവസാനത്തോടെ, ഇവരുടെ എണ്ണം 780,930 ആയി കുറഞ്ഞു. ഗാര്‍ഹിക തൊഴില്‍ മേഖലയിലെ ഈ പ്രതിസന്ധിക്ക് നിരവധി കാരണങ്ങളാണ് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസിലെ ഉദ്യോഗസ്ഥന്‍ ഹമദ് അല്‍ അലി ചൂണ്ടിക്കാട്ടുന്നത്. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റിലെ നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശമാക്കിയത് ഈ കുറവിന് കാരണമായതായി അദ്ദേഹം പറഞ്ഞു.

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് വലിയ ഫീസ് ചുമത്തിയത്, ചില ഏഷ്യന്‍ രാജ്യങ്ങള്‍ കുവൈറ്റിലേക്ക് തൊഴിലാളികളെ അയയ്ക്കാന്‍ വിമുഖത കാണിക്കുന്നതിലേക്ക് നയിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന്റെ കാര്യത്തിലുണ്ടായ അനിശ്ചിതത്വവും മറ്റൊരു കാരണമാണ്.

Tags