നിരീക്ഷണ ക്യാമറകളുടെ സുരക്ഷ ശക്തമാക്കണം; മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി

ai camera

നിരീക്ഷണ ക്യാമറകളുടെ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ സ്വന്തം സ്വകാര്യതയും മറ്റുള്ളവരുടെ സ്വകാര്യതയും സംരക്ഷിക്കാനാകുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

നിരീക്ഷണ ക്യാമറകളുടെ സുരക്ഷ ശക്തമാക്കണമെന്ന് താമസക്കാര്‍ക്ക് നിര്‍ദേശം നല്‍കി ദുബായ് മുനിസിപ്പാലിറ്റി. സുരക്ഷാ ക്രമീകരണങ്ങളിലെ ചെറിയൊരു പിഴവ് പോലും വ്യക്തികളുടെ സ്വകാര്യത അപകടത്തിലാക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

നിരീക്ഷണ ക്യാമറകളുടെ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ സ്വന്തം സ്വകാര്യതയും മറ്റുള്ളവരുടെ സ്വകാര്യതയും സംരക്ഷിക്കാനാകുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ക്യാമറകളുടെ സുരക്ഷ വര്‍ധിപ്പിക്കാനും ഹാക്കിങ് സാധ്യത കുറയ്ക്കാനുമുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോയും അധികൃതര്‍ പങ്കുവെച്ചു. ക്യാമറകള്‍ നമ്മള്‍ കരുതുന്നതിലധികം കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടാകാമെന്നും സുരക്ഷാ ക്രമീകരണങ്ങളിലെ ഒരു ചെറിയ പിഴവ് പോലും വലിയ അപകടത്തിന് കാരണമാകാമെന്നും വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കുന്നു. ക്യാമറകള്‍ വാങ്ങുമ്പോള്‍ നല്‍കിയിട്ടുള്ള ഡിഫോള്‍ട്ട് പാസ്വേഡുകള്‍ ഉടന്‍ മാറ്റി ശക്തമായ പാസ്വേഡുകള്‍ ഉപയോഗിക്കണം. സുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും ഉപയോഗത്തിലില്ലാത്ത സമയങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ ഓഫ് ചെയ്യുകയും വേണം.

വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകള്‍ തുറക്കരുതെന്നും ലോഗിന്‍ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നും മുനിസിപ്പാലിറ്റി നിര്‍ദേശം നല്‍കി. നിരീക്ഷണ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വ്യക്തികളുടെ ജാഗ്രതയ്ക്കും അടിസ്ഥാന സുരക്ഷാ നടപടികള്‍ക്കും നിര്‍ണായക പങ്കുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags