സൗദിയില്‍ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് വിസ പുതുക്കി നല്‍കുന്നു

saudi3

നിലവില്‍ സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസയില്‍ എത്തിയ ഇന്ത്യക്കാര്‍ക്കാണ് റിയാദ് ജവാസത് ഓഫീസില്‍ നിന്ന് വിസ പുതുക്കി നല്‍കുന്നത്

സന്ദര്‍ശന വിസയില്‍ സൗദിയിലെത്തി മടങ്ങാനാവാതെ കുടുങ്ങിയ വിദേശികള്‍ക്ക് ആശ്വാസം. കാലാവധി കഴിഞ്ഞ വിസിറ്റ് വിസകള്‍ നിശ്ചിത കാലയളവിലേക്ക് കൂടി ജവാസത് (പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്) പുതുക്കി നല്‍കുന്നതായാണ് വിവരം.
ഔദ്യോഗികമായ അറിയിപ്പുകള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, ആവശ്യമായ രേഖകളുമായി ജവാസത്തിനെ സമീപിച്ച നിരവധി ഇന്ത്യക്കാര്‍ക്ക് വിസ പുതുക്കി ലഭിച്ചു തുടങ്ങിയതായി വിവരമുണ്ട്. 

നിലവില്‍ സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസയില്‍ എത്തിയ ഇന്ത്യക്കാര്‍ക്കാണ് റിയാദ് ജവാസത് ഓഫീസില്‍ നിന്ന് വിസ പുതുക്കി നല്‍കുന്നത്. എത്ര ദിവസത്തെ എന്‍ട്രിയിലാണോ ഒരാള്‍ എത്തിയത്, അത്രയും ദിവസത്തേക്ക് കൂടി വിസ നീട്ടി നല്‍കുന്നുണ്ടെന്ന് പറയപ്പെടുന്നു. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വിസ പുതുക്കല്‍ ഫോറം, വിസ കാലാവധി വ്യക്തമാക്കുന്ന അബ്ഷീറിലെ പേജിന്റെ പ്രിന്റൗട്ട്, സന്ദര്‍ശകെന്റ പാസ്‌പോര്‍ട്ടിന്റെയും നിലവിലെ വിസയുടെയും പകര്‍പ്പുകള്‍, വിസ സ്പോണ്‍സര്‍ ചെയ്ത വ്യക്തിയുടെ ഇഖാമയുടെ പകര്‍പ്പ് എന്നിവ സഹിതം ജവാസത്തിനെ സമീപിച്ചപ്പോഴാണ് വിസ പുതുക്കിക്കിട്ടിയതെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് കാലാവധി ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്. 100 റിയാല്‍ ഫീസായി അടയ്ക്കുകയും വേണം. യാത്ര മുടങ്ങിയ വിമാന ടിക്കറ്റിന്റെ കോപ്പിയോ അല്ലെങ്കില്‍ പുതിയ തീയതിയിലുള്ള ടിക്കറ്റോ കരുതുന്നത് നടപടികള്‍ എളുപ്പമാക്കാന്‍ സഹായിക്കും. ജവാസത്തില്‍ നിന്നുള്ള അപ്പോയിന്റ്മെന്റ് സ്ലിപ്പും കരുതേണ്ടതാണ്.


 

Tags