ബഹ്‌റൈന്‍ എന്ന രാജ്യത്തേക്കാള്‍ വലിപ്പമുള്ള വിമാനത്താവളം സൗദിയില്‍

saudi

സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ദമാമിന് സമീപമാണ് കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

ഒരു രാജ്യത്തേക്കാള്‍ വലിപ്പമുള്ള വിമാനത്താവളമുണ്ട് സൗദി അറേബ്യയില്‍. 776 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളമാണ് അത്. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ദമാമിന് സമീപമാണ് കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

യുഎസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് സ്റ്റേറ്റിന്റെ കണക്കനുസരിച്ച് 727 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ബഹ്‌റൈന്‍ എന്ന രാജ്യത്തേക്കാള്‍ വലുതാണ് ഈ വിമാനത്താവളം. വലിപ്പത്തിന്റെ കാര്യത്തില്‍ മുംബൈ നഗരത്തെ വരെ പിന്നിലാക്കും കിങ് ഫഹദ് വിമാനത്താവളം. കര വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമെന്ന റെക്കോര്‍ഡാണ് ഈ വിമാനത്താവളം സ്വന്തമാക്കിയത്.
വാണിജ്യ ആവശ്യങ്ങള്‍ക്കായി 1999ല്‍ തുറന്ന് കൊടുത്ത വിമാനത്താവളമാണിത്. 2017ല്‍ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം കോര്‍പ്പറേറ്റ്വത്കരിക്കുകയും വിമാനത്താവളത്തിന്റെ നടത്തിപ്പ് ദമാം ആസ്ഥാനമായുള്ള ദമാം എയര്‍പോര്‍ട്സ് കമ്പനി എന്ന പേരില്‍ പുതുതായി സ്ഥാപിതമായ ഒരു കമ്പനിയുടെ കീഴില്‍ മാറ്റുകയും ചെയ്തു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയാണിത്.

നിര്‍മിക്കുമ്പോള്‍ തന്നെ ബൃഹത്തായ ആസൂത്രണത്തോടെയാണ് ഈ വിമാനത്താവളം നിര്‍മിച്ചത്. ലോകത്തിലെ പ്രമുഖ വിമാനത്താവളങ്ങളില്‍ ബഹുഭൂരിപക്ഷവും യാത്രക്കാരുടെയും വിമാനങ്ങളുടെയും എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് ഘട്ടം ഘട്ടമായായിരുന്നു വികസിപ്പിച്ചത്. പക്ഷേ വികസന സാധ്യതകള്‍ എല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടായിരുന്നു കിങ് ഫഹദ് വിമാനത്താവളം നിര്‍മിച്ചത്. അതായത്, ഭാവിയില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍ക്ക് വേണ്ടി നേരത്തെ സ്ഥലം നീക്കിവെച്ചിരുന്നു.

ഇത്രയും വലിയ വിമാനത്താവളമാണെങ്കിലും 36.75 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമേ നിലവില്‍ റണ്‍വേയ്ക്കും വിമാനങ്ങള്‍ക്കും യാത്രക്കാരുടെ സൗകര്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നത്. ഒരു വര്‍ഷം 10 മില്യണ്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന രീതിയിലാണ് വിമാനത്താവളം ഒരുക്കിയിരിക്കുന്നത്.

Tags