സൗദിയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് കര്‍ശന മുന്നറിയിപ്പ്; കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടര്‍ന്നാല്‍ കടുത്ത ശിക്ഷ

saudi3

താമസ-തൊഴില്‍ നിയമലംഘനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം സുരക്ഷാ പരിശോധനകള്‍ ഇതിനകം തന്നെ ശക്തമാക്കിയിട്ടുണ്ട്.

സന്ദര്‍ശക വിസയില്‍ രാജ്യത്ത് എത്തുന്നവര്‍ വിസ കാലാവധി കഴിയും മുന്‍പ് തന്നെ തിരികെ പോകണമെന്ന് കര്‍ശന നിര്‍ദേശവുമായി സൗദി അറേബ്യ. കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവര്‍ക്ക് 50,000 റിയാല്‍ വരെ പിഴയും ആറ് മാസം തടവും നാടുകടത്തലും ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ നേരിടേണ്ടിവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. താമസ-തൊഴില്‍ നിയമലംഘനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം സുരക്ഷാ പരിശോധനകള്‍ ഇതിനകം തന്നെ ശക്തമാക്കിയിട്ടുണ്ട്.


രാജ്യത്തെ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ പൂര്‍ണ്ണമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് സൗദി ഭരണകൂടം നിലപാട് കടുപ്പിക്കുന്നത്. വിസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്ത് തുടരുന്നവര്‍ക്ക് വലിയ തുക പിഴയും തടവും മാത്രമല്ല, ഭാവിയില്‍ സൗദിയിലേക്ക് വരുന്നതിന് ആജീവനാന്ത വിലക്കും നേരിടേണ്ടി വരും. നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്നവരെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചാല്‍ പൊതുജനങ്ങള്‍ ഉടനടി അധികൃതരെ അറിയിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവര്‍ക്ക് 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിലുള്ളവര്‍ക്ക് 999 എന്ന നമ്പറിലും വിളിച്ച് 24 മണിക്കൂറും വിവരങ്ങള്‍ കൈമാറാവുന്നതാണ്.
നിയമലംഘകരെ കണ്ടെത്താനായി രാജ്യവ്യാപകമായി എന്‍ഫോഴ്സ്മെന്റ് കാമ്പെയ്നുകള്‍ അതിശക്തമായി തുടരുകയാണ്. 

Tags