നിയമലംഘകര്‍ക്കെതിരെ നടപടി കടുപ്പിച്ച് സൗദി; ഒരാഴ്ചയ്ക്കിടെ 10,000-ത്തിലധികം വിദേശികളെ നാടുകടത്തി

saudi

നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം 10,431 പേരെ ഇതിനകം നാടുകടത്തിയതായി അധികൃതര്‍ അറിയിച്ചു.

സൗദി അറേബ്യയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ഒക്ടോബര്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ഒരു വാരത്തിനിടെ നടത്തിയ സംയുക്ത പരിശോധനകളില്‍ 13,889 നിയമലംഘകരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സുരക്ഷാ സേനയുടെ പിടിയിലായത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം 10,431 പേരെ ഇതിനകം നാടുകടത്തിയതായി അധികൃതര്‍ അറിയിച്ചു.

പിടിയിലായവരില്‍ 6,785 പേര്‍ താമസ നിയമങ്ങള്‍ ലംഘിച്ചവരും 3,710 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവരും 3,394 പേര്‍ തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് പിടിയിലായവരുമാണ്. കൂടാതെ, അതിര്‍ത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച 1,382 പേരെയും സുരക്ഷാ വിഭാഗം പിടികൂടി. രാജ്യത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചവരില്‍ 66 ശതമാനം ഇത്യോപ്യന്‍ പൗരന്മാരും 33 ശതമാനം യെമനികളുമാണ്. ബാക്കി ഒരു ശതമാനം മറ്റ് രാജ്യക്കാരാണ്. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 34 പേരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.
നിലവില്‍ 33,113 വിദേശികളാണ് നിയമലംഘനങ്ങള്‍ക്ക് ശിക്ഷാനടപടികള്‍ നേരിടുന്നത്. 

Tags