'സേഫ് എക്‌സ്പ്രഷന്‍ ബോക്‌സ്' ; കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികള്‍ക്കായി പുതിയ പദ്ധതിയുമായി ബഹ്‌റൈന്‍

bahrain

കുട്ടികളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമനടപടികള്‍ രാജ്യത്ത് നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ പുതിയ സംരംഭം.

ബഹ്‌റൈനില്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികള്‍ക്ക് സുരക്ഷിതവും കുട്ടിസൗഹൃദവുമായ അന്വേഷണ അന്തരീക്ഷം ഒരുക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന്‍ പുതിയ സംവിധാനം ആവിഷ്‌കരിച്ചു. കുട്ടികള്‍ക്ക് ആവശ്യമായ മാനസികവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 'സേഫ് എക്‌സ്പ്രഷന്‍ ബോക്‌സ്' എന്ന പദ്ധതിയാണ് ബഹ്‌റൈന്‍ ആരംഭിച്ചിരിക്കുന്നത്. കുട്ടികളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമനടപടികള്‍ രാജ്യത്ത് നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ പുതിയ സംരംഭം.

പബ്ലിക് പ്രോസിക്യൂഷന്റെ സോഷ്യല്‍ റിസര്‍ച്ച് വിഭാഗമാണ് ഈ നൂതന പദ്ധതി വികസിപ്പിച്ചെടുത്തത്. അന്താരാഷ്ട്രതലത്തില്‍ അംഗീകരിച്ചിട്ടുള്ള മനശാസ്ത്ര രീതികളും ആധുനിക ഉപകരണങ്ങളും ബഹ്‌റൈന്റെ നിയമ-സാമൂഹിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കഠിനമായ കേസുകളില്‍ ഇരയാക്കപ്പെടുന്ന കുട്ടികള്‍ക്ക്, ഭയമില്ലാതെ തങ്ങളുടെ പ്രായത്തിന് അനുയോജ്യമായ രീതിയില്‍ അനുഭവങ്ങള്‍ തുറന്നുപറയാന്‍ ഈ സംവിധാനം സഹായിക്കുമെന്ന് സോഷ്യല്‍ റിസര്‍ച്ച് ഗ്രൂപ്പ് മേധാവി ദലാല അല്‍ അത്താവി അറിയിച്ചു.

Tags