ഒമാനിൽ സലാലക്ക് സമീപം വാഹനാപകടം; കണ്ണൂർ സ്വദേശിനി മരിച്ചു, രണ്ടു പേർക്ക് പരിക്ക്
കണ്ണൂർ:സലാല- ഹൈമ റോഡിൽ ഞായറാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കണ്ണുർ താഴെചൊവ്വ എളയാവൂർ സീബ് മൻസിലിൽ മുഹമ്മദ് ഷാനിദിന്റെ ഭാര്യ താഴെചൊവ്വ തിലന്നൂർ ബർഷമഹലിൽ ഫാത്തിമത്ത് ഷാനയാണ് (24) മരിച്ചത്. ഭർത്താവ് മുഹമ്മദ് ഷാനിദിനെയും (31) കൂടെ യാത്ര ചെയ്ത മുഹമ്മദ് അനസ് പൂളക്കലിനെയും (26) പരിക്കുകളോടെ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹൈമയിൽ സൈൻ ബോർഡ് ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഞായറാഴ്ച വൈകീട്ടാണ് അപകടം. കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം. മസ്കത്തിലെ സീബിൽ ഫാൽക്കൺ ഗ്രാഫിക്സ്' എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും.അടുത്തിടെയാണ് ഫാത്തിമത്ത് ഷാന വിസിറ്റ് വിസയിൽ ഒമാനിലെത്തിയത്. ഫാത്തിമത്ത് ഷാനയുടെ മരണാനന്തര നടപടികൾ പുരോഗമിക്കുകയയാണെന്നും മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും കെ.എം.സി.സി സലാല കെയർവിങ് ഭാരാവഹികൾ അറിയിച്ചു.
.jpg)

