ദുബായില്‍ വാടക നിരക്കുകള്‍ അഞ്ച് ശതമാനം വരെ കുറയാന്‍ സാധ്യത

dubai

പുതിയ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം വന്‍തോതില്‍ പൂര്‍ത്തിയായ പ്രദേശങ്ങളിലാണ് പ്രധാനമായും വാടക കുറയുന്നത്.

ദുബായുടെ വിവിധ ഭാഗങ്ങളില്‍ താമസ വാടക നിരക്കുകളില്‍ കുറവുണ്ടാകുമെന്ന് വിപണി വിലയിരുത്തല്‍. പുതിയ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം വന്‍തോതില്‍ പൂര്‍ത്തിയായ പ്രദേശങ്ങളിലാണ് പ്രധാനമായും വാടക കുറയുന്നത്. അതേസമയം, വില്ലകളുടെയും നഗരത്തിലെ പ്രധാന പ്രൈം മേഖലകളിലെ കെട്ടിടങ്ങളുടെയും വാടക നിരക്ക് ഉയര്‍ന്ന നിലവാരത്തില്‍ തന്നെ തുടരുമെന്നാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

വിപണിയിലേക്ക് പുതിയ ഫ്‌ലാറ്റുകള്‍ വന്‍തോതില്‍ എത്തിയതാണ് വാടക കുറയാന്‍ കാരണം. ഫ്‌ലാറ്റുകളുടെ കൈമാറ്റം വര്‍ദ്ധിച്ചതോടെ വാടകക്കാര്‍ക്ക് അനുകൂലമായ സാഹചര്യവും മികച്ച രീതിയില്‍ വിലപേശാനുള്ള അവസരവും ഒരുങ്ങുകയാണ്. ജുമൈറ വില്ലേജ് സര്‍ക്കിള്‍, അര്‍ജന്‍, സിലിക്കണ്‍ ഒയാസിസ്, ഡിസ്‌കവറി ഗാര്‍ഡന്‍സ്, ദുബായ് സ്‌പോര്‍ട്‌സ് സിറ്റി എന്നീ മേഖലകള്‍ക്ക് പുറമെ ബിസിനസ് ബേ, ദുബായ് സൗത്ത് എന്നിവിടങ്ങളിലും വാടക കുറയുമെന്നാണ് പ്രോപ്പര്‍ട്ടി വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഈ പ്രദേശങ്ങളിലെ പുതിയ വാടകക്കരാറുകളില്‍ നിരക്കുകള്‍ അഞ്ച് ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ട്.

പുതിയ സാഹചര്യത്തില്‍ വാടകക്കാരെ ആകര്‍ഷിക്കാന്‍ ഭൂവുടമകള്‍ വാടക നിരക്കില്‍ ഇളവ് നല്‍കുന്നതിന് പുറമെ, കൂടുതല്‍ പേയ്മെന്റ് ചെക്കുകള്‍ സ്വീകരിക്കാനും തയ്യാറാകുന്നുണ്ട്. ഒരു വര്‍ഷത്തെ വാടക ഒന്നിച്ച് വാങ്ങുന്നതിന് പകരം പ്രതിമാസ, ത്രൈമാസ പേയ്മെന്റ് പ്ലാനുകള്‍ നല്‍കാന്‍ ഉടമകള്‍ തയ്യാറാകുന്നത് പ്രവാസികളുടെ വലിയൊരു സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ സഹായിക്കും.

Tags