ബലാത്സംഗം, മയക്കുമരുന്ന് കടത്ത്; സൗദി അറേബ്യയില്‍ നാലുപേരുടെ വധശിക്ഷ നടപ്പിലാക്കി

saudi3

മക്ക പ്രവിശ്യയില്‍ യമന്‍ സ്വദേശിയായ മാജിദ് അബ്ദോ അഹമ്മദ് എന്നയാളുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.

സൗദി അറേബ്യയില്‍ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട നാലുപേരുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത യമന്‍ സ്വദേശിയുടെയും, മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് എത്യോപ്യന്‍ പൗരന്മാരുടെയും ശിക്ഷയാണ് ചൊവ്വാഴ്ച മക്ക, അസീര്‍ പ്രവിശ്യകളിലായി നടപ്പിലാക്കിയത്.

മക്ക പ്രവിശ്യയില്‍ യമന്‍ സ്വദേശിയായ മാജിദ് അബ്ദോ അഹമ്മദ് എന്നയാളുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. വീടുകളില്‍ അതിക്രമിച്ചു കയറുക, സ്ത്രീയെ ബലാത്സംഗം ചെയ്യുക, മാരകായുധങ്ങള്‍ ഉപയോഗിച്ച് വധഭീഷണി മുഴക്കി മോഷണം നടത്തുക എന്നീ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ തെളിയിക്കപ്പെട്ടിരുന്നു. കൂടാതെ, സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക്ക് മെയില്‍ ചെയ്യാനും അവിഹിത ബന്ധങ്ങള്‍ക്ക് നിര്‍ബന്ധിക്കാനും ഇയാള്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. സമൂഹത്തിന്റെ സമാധാനത്തിന് ഭീഷണിയായ ഇയാളുടെ കുറ്റകൃത്യങ്ങളുടെ ഗൗരവം പരിഗണിച്ച് ക്രിമിനല്‍ കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. തുടര്‍ന്ന് പുറപ്പെടുവിച്ച രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ നടപ്പിലാക്കിയത്.

Tags