സൗദി അറേബ്യയിലെ ജീവനക്കാര്‍ക്ക് റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

google news
soudi

റിയാദ് : സൗദി അറേബ്യയിലെ ജീവനക്കാര്‍ക്ക് റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാജ്യത്തെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ആകെ തൊഴില്‍ സമയം അഞ്ച് മണിക്കൂറില്‍ അധികമാവാന്‍ പാടില്ല. ഓഫീസുകളുടെ പ്രവൃത്തി സമയം രാവിലെ പത്ത് മണിക്ക് ആരംഭിക്കുകയും ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് അവസാനിക്കുകയും ചെയ്യും.

രാജ്യത്തെ നിയമമനുസരിച്ച് റമദാന്‍ മാസത്തിലെ ഓഫീസ് സമയം അഞ്ച് മണിക്കൂറില്‍ അധികമാവാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടെങ്കിലും ജോലി സമയം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സമയക്രമത്തില്‍ മാറ്റം വരുത്താന്‍ മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും അധികാരമുണ്ട്. രണ്ട് മണിക്കൂര്‍ വരെ ഇത്തരത്തില്‍ സമയം മാറ്റി ക്രമീകരിക്കാം. ഇത്തരത്തില്‍ ക്രമീകരിക്കുന്ന സമയക്രമം ശഅബാന്‍ 27ന് (മാര്‍ച്ച് 19) മുമ്പ് ജീവനക്കാരെ അറിയിച്ചിരിക്കണമെന്നതാണ് ചട്ടം.

യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് റമദാന്‍ മാസത്തില്‍ ബാധകമായ പ്രവൃത്തി സമയവും കഴി‍ഞ്ഞ ദിവസം രാജ്യത്തെ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ആകെ പ്രവൃത്തി സമയത്തില്‍ രണ്ട് മണിക്കൂറിന്റെ കുറവ് വരുത്തണമെന്നാണ് അറിയിച്ചിട്ടുള്ളത്. യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് സാധാരണ ഗതിയില്‍ ഒരു ദിവസം എട്ട് മണിക്കൂറാണ് നിയമപ്രകാരമുള്ള പ്രവൃത്തി സമയം. ആഴ്‍ചയില്‍ ഇങ്ങനെ 48 മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. റമദാനില്‍ ഇത് പ്രതിദിനം ആറ് മണിക്കൂറായം ആഴ്ചയില്‍ 36 മണിക്കൂറായും കുറയുമെന്നാണ് മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 

Tags